കൊച്ചി: പാലാ നഷ്ടപ്പെട്ടതില്‍ പ്രിതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍. ഇടതു മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനവേദിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്‍.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പന്റെ നിലപാടിനെ എന്‍.സി.പിയിലെ ആരും പിന്തുണയ്ക്കില്ല. സീറ്റുകള്‍ നഷ്ടപ്പെട്ട ഒരു കാലത്തും എന്‍.സി.പിയില്‍ നിന്നും ആരും മുന്നണി വിട്ട് പോയിട്ടില്ലെന്നും പീതാംബരന്‍ പറഞ്ഞു.
മുന്നണിയ്ക്ക് തുടര്‍ഭരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിലെത്തിയ മാണി സി. കാപ്പന്‍ എന്‍.സി.പി കേരള എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. എന്‍.സി.പിയില്‍ നിന്ന് കാപ്പനടക്കം 10 പേര്‍ രാജിവെച്ചതായും നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പറഞ്ഞത്.
മാണി സി. കാപ്പന്‍ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
കാപ്പന്‍ വരുന്നതു തലയെടുപ്പുള്ള ആനയെ പോലെയാണെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്.
‘നല്ല വലിപ്പമുള്ള കാപ്പന്‍, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇതു വിജയത്തിന്റെ തുടക്കമാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയ വീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് പാലാ സീറ്റെടുത്ത് തോറ്റവനു കൊടുക്കാന്‍ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതുകൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങു പോന്നു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക