അനുമതി കൂടാതെ ക്യാമറ ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുകയും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് വാര്‍ഡറിനോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടുകയാണുണ്ടായത്.
തൃശൂര്‍: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ഫോണ്‍ വിളിക്കുന്നത് വീഡിയോ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ജയില്‍ വാര്‍ഡറിനു മെമ്മോ. ജയിലിനുള്ളില്‍ അനുമതിയില്ലാതെ ക്യാമറ പ്രവേശിപ്പിച്ചതിനും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനുമാണ് വാര്‍ഡറിനെതിരെ ജയിലര്‍ മെമ്മോ അയച്ചത്.
അനുമതി കൂടാതെ ക്യാമറ ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുകയും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് വാര്‍ഡറിനോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടുകയാണുണ്ടായത്. സുനിയുടെ കയ്യില്‍ ഫോണ്‍ എങ്ങനെ എത്തിയെന്നോ ആരെയൊക്കെ വിളിച്ചെന്നോ അന്വേഷിക്കുന്നതിനു പകരം വാര്‍ഡനെതിരായി മാത്രം നടപടിയെടുക്കുകയായിരുന്നു ജയില്‍ അധികൃതര്‍.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിനുള്ളിലായിരുന്ന കൊടി സുനി ഫോണ്‍ വിളിക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് വാര്‍ഡനെതിരായ നടപടിക്കു കാരണം. ഫോണ്‍ ചെയ്യുന്നത് ചിത്രീകരിക്കുമ്പാള്‍ അഴിക്കിടയിലൂടെ കയ്യിട്ടു വാര്‍ഡറിന്റെ ക്യാമറ തട്ടിയെടുത്ത സുനി മെമ്മറി കാര്‍ഡ് ഒടിച്ചുകളഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് ഡി ബ്ലോക്കിലാണ് സംഭവം നടന്നത്.
ചില ജീവനക്കാരുടെ സഹായത്തോടെ തടവുകാര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. സുനി അടക്കം ടി. പി വധക്കേസിലെ പ്രതികളെല്ലാം ജയിലിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുകയും ജയിലിനകത്തുനിന്നുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യുകയും ചെയ്തിരുന്നു.