| Monday, 19th February 2024, 10:52 am

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി; രണ്ട് പേരെ വെറുതെ വിട്ടത് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരണ കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. രണ്ടു പേരെ വെറുതെ വിട്ട നടപടി കോടതി റദ്ദാക്കി. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയാണ് കോടതി റദ്ദാക്കിയത്.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. 12 പ്രതികളാണ് ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കിയത്.

അതേസമയം, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ നല്‍കിയിരുന്നു. സി.പി.ഐ.എം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീല്‍. എന്നാല്‍ പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവച്ചു.

ജസ്റ്റിസ് എ. കെ. ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോടതി പരിഗണിച്ചത്.

2012 മേയ് 4നാണ് വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് ആര്‍.എം.പി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ല്‍ എം. സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്.

36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.ഐ.എം നേതാവായ പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചിരുന്നു.

ചന്ദ്രശേഖരന്‍ സി.പി.ഐ.എമ്മില്‍ നിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആര്‍.എം.പി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിനു പകരം വീട്ടാന്‍ സിപിഎമ്മുകാരായ പ്രതികള്‍ കൊല നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.

We use cookies to give you the best possible experience. Learn more