സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എങ്ങനെയാണ് കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെട്ടത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകം. റോസാം ലക്‌സംബര്‍ഗിന്റേയും കാള്‍ ലീബക്ടനെക്ടിന്റെയും കൊലപാതകങ്ങളുമായി മാത്രമേ ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയൂ.
രാഷ്ട്രപിതാവിനെ കൊന്ന് കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച രാജ്യമാണ് ഇന്ത്യ എന്നു പറയാം. കൊലപാതകികളെ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ ഭരണാധികാരികളാക്കിയ ജനതയെന്നും പറയാം.
ലോകത്തിന്നേവരെയുണ്ടായിട്ടില്ലാത്തത്രയും വലിയ അഭയാര്‍ഥി പ്രവാഹവും കൊലപാതകവും നടന്നത് ഇതേ ഇന്ത്യയില്‍ തന്നെയായിരുന്നു.
രാഷ്ട്രീയഹിന്ദുത്വത്തിന്റെ അതിശക്തമായ ഗൂഢാലോചനകള്‍ ഇതിനുപിന്നിലുണ്ടെന്നത് ഇന്നു സുവിദിതമാണ്. തെളിവുകളില്ലെന്നതിന്റെ പേരില്‍ അതിന്റെ രാഷ്ട്രീയ നേതൃത്വം ശിക്ഷിക്കപ്പെടാതെ പോവുകയായിരുന്നു. ജനങ്ങളുടെ ബോധ്യങ്ങളെ സംബന്ധിച്ചിടത്തോളം തെളിവുകള്‍ എന്നത് നിയമപുസ്തകത്തില്‍ ബോധം കെട്ടുറങ്ങുന്ന കറുത്ത അക്ഷരങ്ങള്‍ മാത്രമാണ്.
എന്നിട്ടും മഹാത്മാഗാന്ധിയുടെ ഘാതകരെ ഇന്ത്യന്‍ ജനത അധികാരത്തിലേറ്റിയെന്നത്, ‘നമ്മുടെ ചരിത്രത്തിന്റെ ഭൂരിഭാഗവും നമ്മുടെ ബോധമണ്ഡലത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടില്ല’ എന്ന് മാനിനി ചാറ്റര്‍ജി പറയുന്നതിനെ സാധൂകരിക്കുന്നതാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയും ദേശീയ നേതൃത്വവും വളര്‍ത്തിയെടുത്ത സാംസ്‌കാരിക ഹിന്ദുത്വയുടെ രാഷ്ട്രീയ വിജയത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. താല്‍ക്കാലിക തിരിച്ചടിയേറ്റെങ്കിലും സാംസ്‌കാരിക ഹിന്ദുത്വയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍, മതേതരവാദിയും യുക്തിവാദിയുമായ നെഹ്‌റുവിനോ പില്‍ക്കാല തലമുറയ്‌ക്കോ കഴിഞ്ഞില്ല.
തിലകന്റെ രാഷ്ട്രീയ അനുയായിരുന്ന സവര്‍ക്കര്‍ മിന്റോ മോര്‍ലി ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരായ സമരത്തില്‍ ജയിലിലാവുകയും ജയിലില്‍വെച്ച് രാഷ്ട്രീയഹിന്ദുത്വവാദിയായി പരിണമിക്കുകയുമാണ് ചെയ്യുന്നത്.
രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച ചര്‍ച്ചകള്‍ ഒരുകാലത്തും അവസാനിക്കുന്നില്ല കേരളത്തില്‍. രാഷ്ട്രീയത്തില്‍ കൊലപാതകം വേണോ എന്നതാണ് മുഖ്യമായ വിഷയം. രാഷ്ട്രീയമായി വേര്‍തിരിഞ്ഞിരിക്കുമ്പോഴും സൗഹൃദങ്ങള്‍ തുടരാനാവണമെന്നതാണ് ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പോലും അടിസ്ഥാനശിലകളിലൊന്ന്.
കാരണം അതുതന്നെ സ്വയം വളര്‍ന്നുവന്നത്, സ്വേഛാധികാര പ്രഭുത്വത്തിനോട് ഏറ്റുമുട്ടിയാണ്. ഇതിനവര്‍ എടുത്തുയര്‍ത്തിയ മുദ്രാവാക്യമാണ് ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേതും….
സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ നമുക്കിതിന് മഹനീയമായ ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അതില്‍ പ്രധാനപ്പെട്ടത്, മഹാത്മാഗാന്ധിയോട് ബ്രിട്ടീഷ് സാമ്രാജ്യത്വം കാണിച്ച സഹിഷ്ണുതാപരമായ നിലപാടുകളാണ്.
ഗാന്ധിയെ കൈകാര്യം ചെയ്യാനെളുപ്പമാണെന്നത് അതിലൊരു കാര്യമാണ്. മറ്റൊന്ന് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ ഉദാരതയാണെന്നും പറയാം.
സാമ്രാജ്യത്വവാഴ്ച നിലനിര്‍ത്താന്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയതും ജാലിയന്‍വാലാബാഗും മറന്നുകൊണ്ടല്ല ഈ ഉദാരതയെക്കുറിച്ച് പറയുന്നത്. അതൊരു നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ്. അത് ഭരണകൂടം നിലനില്‍ക്കുന്നിടത്തോളമവസാനിക്കാത്ത പ്രശ്‌നങ്ങളുമാണ്.
ആയിരം ഗാന്ധിമാര്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച് വിഷയമല്ല. പത്ത് ഭഗത് സിംഗുമാരും സരഭമാരും സുഭാഷ് ചന്ദ്ര ബോസുമാരുമാണ് അപകടകാരികള്‍. ഭരണകൂടത്തിന്റെ ഉദാരതയ്ക്കും പരിമിതികളുണ്ടെന്നര്‍ഥം.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപമെടുത്തതിനെത്തുടര്‍ന്ന് അതിനു നേരിടേണ്ടിവന്ന പ്രതിസന്ധിയോട് അക്കാലത്തെ കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ നെഹ്‌റുവും ജവഹര്‍ലാലുമെടുത്ത സമീപനങ്ങളും പരിശോധിക്കേണ്ടതാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ ഗൂഢാലോചനാക്കേസുകള്‍ക്കെതിരെ ലോകവ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിന്നുവെന്നു മാത്രമല്ല, കേസ് ഡിഫന്‍സ് കമ്മറ്റിയുടെ സെക്രട്ടറിയും പ്രസിഡണ്ടുമായിരിക്കാനും ഡിഫന്‍സ് ഫണ്ട് വിജയിപ്പിക്കാനും ഇവര്‍ മുന്നിട്ടിറങ്ങിയെന്നതാണ് ചരിത്രം.
ഈ കേസുകളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെവരെ പിടിച്ചകത്തിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ആലോചിച്ചിരുന്നതായി സഖാവ് മുസഫര്‍ അഹമ്മദ് അനുസ്മരിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി പോലുമല്ലാതിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങളുമായും അധികാരക്കൈമാറ്റം സംബന്ധിച്ചും വിപ്ലവത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ അന്നത്തെ ബ്രിട്ടീഷ് കമ്മ്യൂണിസ്‌ററ് പാര്‍ട്ടി അതിന്റെ പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുപ്പിച്ചുവെന്നതാണ് സഹിഷ്ണുതയുടെ മറ്റൊരു പാഠം.
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ് നടന്ന ബോംബേയിലെ സമ്മേളന വേദിയില്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടേത് കൂടാതെ മഹാത്മാഗാന്ധി, നെഹ്‌റു, ജിന്ന തുടങ്ങിയ സഹോദരപാര്‍ട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പുറകിലായി കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും കൊടികള്‍കൂടി സ്ഥാപിച്ചിരുന്നു എന്ന വസ്തുതകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട് പുതിയ തലമുറ.
സഹിഷ്ണുതയുടെ ഈ കൊടിക്കൂറകളാണ് എവിടെയോ വെച്ച് കീറിയെറിയപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുകയും അധികാരവുമായി സന്ധിചെയ്യുകയും ചെയ്തശേഷമാണ് ഇത്തരമൊരു ശത്രുതാ മനോഭാവം വളര്‍ന്നുവരുന്നതെന്നു കാണാന്‍ കഴിയും. മറ്റ് ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതേ വഴിക്കുനീങ്ങുന്നതും അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതിനുശേഷമാണ്.
സോവിയറ്റ് സംഭവവികാസങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ സഖാക്കളായ ഇ.എം.എസും. ബി.ടിആറും തമ്മില്‍ വിഷയത്തിന്റെ അത്യന്തം രൂക്ഷമായ എതിരഭിപ്രായങ്ങളും രണ്ട് കുന്തമുനകളുമായിരുന്നു. പക്ഷേ അവര്‍ തമ്മിലുള്ള വ്യക്തിബന്ധത്തെ അത് ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അതാണ് ദാര്‍ശനികമായ ഔന്നത്യം.
കേരള പാര്‍ട്ടിയില്‍ കര്‍ഷകമുന്നണിയിലെ കടമകള്‍ സംബന്ധിച്ച് ഒരു രേഖ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടൊരു കഥ കേട്ടിട്ടുണ്ട്. രണ്ടു രേഖകള്‍ അവതരിപ്പിക്കപ്പെട്ടു. ഒന്ന് ഇ.എം.എസ്. മറ്റേത് സി.എച്ച്.കണാരന്‍.
സംസ്ഥാന കമ്മറ്റി അംഗീകരിച്ചത് സി.എച്ച് കണാരന്റെ രേഖയായിരുന്നു. തുടര്‍ന്നു സംസ്ഥാനത്തുടനീളം ആ രേഖ അവതരിപ്പിച്ചത് ഇ.എം.എസ്. ആയിരുന്നു. സി.എച്ച് പറഞ്ഞതിനേക്കാള്‍ ഉജ്ജ്വലമായി സി.എച്ച് കണാരനായി മാറി ഇ.എം.എസ്. അതാണ് പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ കേന്ദ്രീകരണം. അതാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോ ആത്മഹത്യ ചെയ്തവരുണ്ട്. പ്രസ്ഥാനത്തിന്റെ പിളര്‍പ്പില്‍ നിലവിളിച്ചവരുണ്ട്, ഭ്രാന്തരായവരുണ്ട്. അതൊരു സ്വാംശീകരണത്തിന്റേതായ രാഷ്ട്രീയമായിരുന്നു.
സഖാവ് പി.കൃഷ്ണപിള്ളയെ അടിക്കാന്‍ ശ്രമിച്ച അതേ എ.കെ.ജിയെ നായകനാക്കിയാണ് പട്ടിണിജാഥ സഖാവ് കൃഷ്ണപിള്ള ആസൂത്രണം ചെയ്തത്. സഖാവ് ഇ.എം.എസിനെ കെ.പി.ആര്‍ ഗോപാലന്‍ കസേരയുയര്‍ത്തിയടിച്ചതും അധികാര വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. ഇതേ ഗോപാലനെ തൂക്കാന്‍ വിധിച്ചപ്പോഴാണ് അനുദിനം തൂക്കം കൂടിക്കൂടിവന്നതും.
കുറച്ചു കടലാസുകെട്ടുകള്‍ മാത്രമായിരുന്ന സംസ്ഥാന കമ്മിറ്റി ആപ്പീസുമായി കേരത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഖാവ് കൃഷ്പിള്ളയെന്ന സംസ്ഥാന സെക്രട്ടറി സഞ്ചരിച്ച പ്രസ്ഥാനമല്ല ഇന്നത്തെ പാര്‍ട്ടി. മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ക്ക് ‘സൗകര്യപൂര്‍വം’ പ്രവര്‍ത്തിക്കാന്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച ലോകത്തിലെ ഒരേയൊരു പാര്‍ട്ടിയാണ് സി.പി.ഐ.എം. ഇന്നും അത് എ.കെ.ജി. സെന്ററിനുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഭരണമുണ്ടായാലുമില്ലെങ്കിലും അതെന്നും അധികാരത്തിന്റെ ഭാഗമാണ്.
അത്തരമൊരു അധികാരത്തിന്റേയും സമ്പത്തിന്റെയും കേന്ദ്രമായി കേരളപ്പാര്‍ട്ടി മാറിക്കഴിഞ്ഞുവെന്നും വര്‍ഗസമരത്തിലും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലും വെള്ളം ചേര്‍ത്തുവെന്ന തിരിച്ചറിവിലുമാണ് ആശയസമരത്തിന്റെ മുളപൊട്ടുന്നത്. പിന്നീടത് വിഭാഗീയതയിലേക്ക് മാറുകയായിരുന്നു.
വിപ്ലവം സംബന്ധിച്ചോ സാമൂഹ്യമാറ്റം സംബന്ധിച്ചോ അല്ലാതെ അധികാരവും പാര്‍ട്ടിയും പിടിച്ചെടുക്കുന്ന തരത്തിലേക്ക് അത് തരംതാഴുകയും ഇരുവിഭാഗത്തിലും പെട്ടവര്‍ വലിയ വ്യത്യാസമൊന്നുമില്ലാത്തവരുമായി മാറിയെന്ന തിരിച്ചറിവാണ് പിന്നീട് ഉണ്ടാവുന്നത്.
ആശയസമരത്തിന്റെ പേരില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നവര്‍ക്ക് കേവലം അധികാരത്തിന്റെ ശീതളിമയില്‍ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ അലിഞ്ഞുപോവുകയായിരുന്നു.
ഗ്രൂപ്പുവഴക്കില്‍ വി.എസ് അച്യുതാനന്ദനേയും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ വ്യക്തിയേയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ നടപടിയെടുത്ത് പുറത്താക്കി പി.ബിയില്‍നിന്നും മാറ്റി നിര്‍ത്തുകയും അത് പരസ്യമായി റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിക്കുകയുണ്ടായി.
പിന്നീട് അതിന്റെ കേന്ദ്രക്കമ്മറ്റിവരെ സ്വാധീനിക്കുന്ന ശക്തികളായി കേരള പാര്‍ട്ടി മാറിയത് വിഭാഗീയതയുടേയും കീഴടങ്ങലിന്റേയും മറ്റൊരു ചരിത്രമാണ്. അത് പിന്നീടെപ്പോഴെങ്കിലും പറഞ്ഞേക്കാം.
തീര്‍ച്ചയായും ഇത്തരമൊരു ആശയസമരത്തിന്റേയും വിഭാഗീയതയുടേയും ഭാഗമായി സഖാവ് ടി.പിയുള്‍പ്പെടെയുള്ളവര്‍ക്ക് നിലപാടെടുത്തു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, പ്രത്യയശാസ്ത്രപ്രശ്‌നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോകാനാണ് സഖാവുള്‍പ്പെടെയുള്ള പലരും അവസാന നിമിഷംവരെ ശ്രമിച്ചത്.
ത്യാഗത്തിന്റേതായ യാതൊന്നും ഇല്ലാതെ വളര്‍ന്നുവരുന്നവരെ സംബന്ധിച്ച് പുതിയൊരു പാര്‍ട്ടി കെട്ടിപ്പടുക്കുക, അതിന് ജനങ്ങളുടെ ഇടയിലിറങ്ങി ത്യാഗപൂര്‍ണ്ണമായി പ്രവര്‍ത്തിക്കുക എന്നത് അതിനകം അന്യമായിക്കഴിഞ്ഞിരുന്നു.
അതിനിടെയാണ് സഖാവ് മത്തായി ചാക്കോ അപൂര്‍വരോഗത്തിനിരയാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നത്. വിഭാഗീയത കത്തിയാളുന്ന സമ്മേളനങ്ങളില്‍ പല തലകളും തെറിച്ചു. വിമര്‍ശിച്ചവരെ താഴെക്കമ്മറ്റികളില്‍ ജനാധിപത്യപരമായി ഒതുക്കി.
പോരാട്ടം തുടര്‍ന്നവര്‍ അവസാനം കീഴടങ്ങലിന്റെ പാതയിലേക്ക് നയിക്കപ്പെട്ടു. അവര്‍ അവസരങ്ങളുടേയും സ്ഥാനങ്ങളുടേയും മേലെ കയറിപ്പോയി.
ഇത്തരമൊരു വിഭാഗീയ പ്രവര്‍ത്തനത്തില്‍നിന്നും ദിശമാറി സഞ്ചരിച്ചുവെന്നതാണ് സഖാവ് ചന്ദ്രശേഖരന്റെ പ്രത്യേകത. തികച്ചും ജനാധിപത്യപരമായ പിന്‍വാങ്ങലാണ് നടത്തിയത്. ഒരു തരത്തിലും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ പാടില്ലെന്ന തരത്തിലേക്കു നേതൃത്വവും പോരാടി. ഇതില്‍തന്നെ നില്‍ക്കുമെന്ന ധാരണയില്‍ ചന്ദ്രശേഖരനും മുന്നോട്ടുപോവുകയായിരുന്നു.
സ്വാഭാവികമായും സി.പി.ഐ.എം. എന്ന മേല്‍കീഴ് ബന്ധങ്ങളില്‍ മാത്രം അധിഷ്ഠിതമായ ഒരു പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാനോ മുന്നോട്ടുപോകാനോ കഴിയാവുന്ന അവസ്ഥയല്ലെന്നു അതിന്റെ സംഘടനാ സംവിധാനം അറിയുന്നവര്‍ക്ക് മനസ്സിലാകും.
അവസാനം പാര്‍ട്ടി ഏരിയാ കമ്മറ്റി പാനലില്‍ വെച്ച് പരാജയപ്പെടുത്തുകയും പാനല്‍വോട്ടുപോലും ലഭിക്കാത്ത തരത്തില്‍ പുറത്താവുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തിലും അന്നത്തെ സമ്മേളനത്തിന്റെ വളണ്ടിയര്‍മാരെയാകെ നയിച്ചുകൊണ്ട് തലയുയുര്‍ത്തിത്തന്നെ ആ സഖാവ് മുന്നോട്ടുപോയി.
ജനാധിപത്യ കേന്ദ്രീകരണത്തിന്റെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തിയ പാര്‍ട്ടി നേതൃത്വം പ്രതികാരനടപടികളുമായി മുന്നോട്ടുപോയി. ഒരുതരത്തിലും ഒത്തുപോകില്ലെന്നു മനസ്സിലാവുമ്പോള്‍ ചെയ്യാവുന്ന കാര്യം മാത്രമേ സഖാവ് ചന്ദ്രശേഖരനും ചെയ്തുള്ളൂ.പുറത്തേക്കു പോവുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനപ്രകാരം ആര്‍ക്കും രാജിവെച്ചു പോകാന്‍ കഴിയില്ല. സ്വാഭാവികമായും അവര്‍ ചന്ദ്രശേഖരനേയും കൂടെയുള്ളവരേയും ഒന്നടങ്കം പുറത്താക്കി തങ്ങളുടെ അധിശത്വം പ്രഖ്യാപിച്ചു.
സ്വാഭാവികമായും പിന്നീടുള്ളത് സി.പി.ഐ.എമ്മുമായി ബന്ധമില്ലാത്ത വ്യക്തികളായി ഇവര്‍ മാറിയെന്നതാണ്. അവരെന്തു ചെയ്യുന്നുവെന്നത് സി.പി.ഐ.എമ്മിനെയോ അതിന്റെ നേതൃത്വത്തേയോ ബാധിക്കേണ്ട കാര്യമില്ലായിരുന്നു. ഇന്ത്യയിലാര്‍ക്കും പാര്‍ട്ടികളോ സംഘടനകളോ രൂപീകരിക്കാം. ഭരണഘടനാനുസൃതമായ ഒരു നടപടിക്രമം മാത്രമാണത്.
അത്തരമൊരു പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനാണ് സഖാവ് ടി.പി ഈ കേരളത്തില്‍ കൊല്ലപ്പെടുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണിത്.
2012 ഏപ്രില്‍ ഒമ്പതിന് കോഴിക്കോട് അവസാനിച്ച പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പ് ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന പേരില്‍ ചെങ്കൊടി ഉയരരുതെന്നു ആദ്യം സമ്മേളനത്തില്‍ പരസ്യമായും പിന്നെ രഹസ്യമായും കല്‍പ്പനയുണ്ടായി.
ആ കല്‍പ്പന പുറപ്പെടുവിച്ച പാര്‍ട്ടി ഫാസിസ്റ്റാണെന്നും അതിന്റെ സെക്രട്ടറിയാണ് അതിനെ ഫാസിസ്റ്റാക്കിയതെന്നും സഖാവ് ടി.പി. ചന്ദ്രശേഖരന്‍ തിരിച്ചടിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് കൊടി ഉയരുന്നതിന് മുമ്പ് ഒഞ്ചിയത്തെ എല്ലാ മുക്കിലും മൂലയിലും രക്തസാക്ഷികളുടെ ആ വീറുറ്റ കടത്തനാടന്‍ മണ്ണില്‍ കമ്മ്യൂണിസത്തിന്റെ കുതിപ്പിന് ചന്ദ്രശേഖരന്‍ തന്നെ നേതൃത്വം നല്‍കി.
കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്
‘CPIM എന്ന പാര്‍ട്ടി അതിന്റെ വിപ്ലവ നിലപാടുകള്‍ ഉപേക്ഷിച്ച് വലതുപക്ഷ നിലപാടിലേക്ക് മാറുമ്പോള്‍ ഒരു യഥാര്‍ത്ഥ വിപ്ലവ നിലപാടിനു വേണ്ടിയുള്ള പ്രസ്ഥാനം പുതുതായി രൂപപ്പെടണമെന്നുള്ള ലക്ഷ്യത്തോടു കൂടി പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്ന് പുതിയ സംവിധാനം ഉണ്ടാക്കി മുന്നോട്ട് പോകുന്നവരാണ് നമ്മള്‍.
അത്തരം നിലപാടുകള്‍ സ്വീകരിച്ചവരുമായി ചേര്‍ന്ന് കൊണ്ട് ഒരു യഥാര്‍ത്ഥ വിപ്ലവ നിലപാട്, ഒഞ്ചിയം രക്തസാക്ഷികള്‍ മുന്നോട്ട് വെച്ച അവരുടെ പൈതൃകം ഉള്‍ക്കൊണ്ടു കൊണ്ട്, ആ രാഷട്രീയം ഈ മണ്ണില്‍ സാക്ഷാത്കരിക്കാനുള്ള പോരാട്ടത്തിനു വേണ്ടി ഒരു പുതിയ മൂവ്‌മെന്റ് കെട്ടിപ്പടുക്കുക എന്ന ഭാരിച്ച കടമ നമുക്കുണ്ട്.
ആ കടമ ഏറ്റെടുത്ത് മുന്നോട്ട് പോകാം എന്ന വളരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിച്ചു കൊണ്ടാണ് ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ‘
കൊല്ലപ്പെടുന്നതിന് നാലു ദിവസം മുമ്പ് ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍ സഖാവ് വിശദീകരിക്കുകയുണ്ടായി. തുടര്‍ന്ന് സഖാവ് ടി.പി ഇങ്ങനെ പറയുന്നുണ്ട്,
‘തീര്‍ച്ചയായും ഒഞ്ചിയത്ത് 1948 ഏപ്രില്‍ 30ന് സഖാക്കള്‍ പിടഞ്ഞു വീണു മരിക്കുമ്പോള്‍ പതിനായിരങ്ങള്‍ അണിനിരന്ന മഹാപ്രസ്ഥാനമൊന്നുമായിരുന്നില്ല കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. ചില പോക്കറ്റുകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയാണത്. അതിന് എല്ലാ ജില്ലകളിലും, എല്ലാ പഞ്ചായത്തിലും സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.
അത്തരം ഒരു ഘട്ടത്തില്‍ പോലും ഈ നാടിന്റെ ഭാവിരാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ചത്. ആ ഭാവിരാഷ്ടീയത്തിന് വേണ്ടി ഞങ്ങളുടെ ജീവന്‍ കൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മരിച്ചുവീണവരാണ് രക്തസാക്ഷികള്‍. നാം ഇപ്പോള്‍ അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്.
ഇപ്പോള്‍ അങ്ങിങ്ങ് രൂപപെട്ടിരിക്കുന്നത് വളരെ ചെറിയ പ്രസ്ഥാനങ്ങളാണ്. പക്ഷേ ഇത് ഭാവിയുടെ രാഷ്ട്രീയമാണ്. ഭാവിയുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോവുക എന്നത് അങ്ങേയറ്റം ദുരിതപൂര്‍ണ്ണമായ പ്രവര്‍ത്തനമാണെന്ന് നമുക്കറിയാം. ആ ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു പക്ഷേ നമ്മുടെ നിരവധി സഖാക്കളുടെ ജീവന്‍ കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല.
അങ്ങനെ എന്ത് യാതനകള്‍ അനുഭവിക്കേണ്ടി വന്നാലും ഒഞ്ചിയം രക്തസാക്ഷികള്‍ സ്വപ്നം കണ്ട ഒരു സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പെടുക്കുവാന്‍ വേണ്ടിയുള്ള പുതിയ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് കൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോകും. ‘
സി.പി.ഐ.എമ്മിന്റെ ചരിത്രം തന്നെ നോക്ക്. എത്ര പിളര്‍പ്പുകളിലൂടെയാണ് ആ പാര്‍ട്ടി ഇന്നീക്കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്
സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ടാണ്, ജീവന്‍ ത്യജിക്കാനും തയാറായി ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നത്. പ്രവര്‍ത്തനത്തിന്റെ ഒരറ്റത്ത് മരണമായിരുന്ന ഒരു കാലമായിരുന്നു അത്. അതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തനവും.
കോണ്‍ഗ്രസില്‍നിന്നും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് ഉണ്ടായ സി.പി.എം നക്‌സല്‍ പിളര്‍പ്പുകളിലെല്ലാം ആശയപരമായ ഘടകങ്ങള്‍ ഉണ്ടായിരുന്നു. അധികാരരാഷ്ട്രീയത്തിനെതിരായ കലാപമുണ്ടായിരുന്നു.
നോക്കുക, ഈ മാറ്റത്തിനിടയില്‍ മാറിയ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളെ മാതൃപാര്‍ട്ടിയിലെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. കൊന്നിട്ടില്ല.
സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എങ്ങനെയാണ് കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെട്ടത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകം. റോസാം ലക്‌സംബര്‍ഗിന്റേയും കാള്‍ ലീബക്ടനെക്ടിന്റെയും കൊലപാതകങ്ങളുമായി മാത്രമേ ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയൂ.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയാണ് ഇവിടുത്തെ മാഫിയാ മൂലധനപാര്‍ട്ടി നേതാക്കളുടെ ഒത്താശയോടേയും സഹായത്തോടേയും പിന്തുണയോടേയും വെട്ടിക്കൊലപ്പെടുത്തിയത്.
‘വാളിനെ ദൈവമാക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിയത് പ്രമുഖ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോളയാണ്. അത് 114 വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു. ഇന്ന് വാള്‍ ആധുനിക പാര്‍ട്ടിയും ദൈവവും ഒന്നിച്ചായിമാറിയിരിക്കുന്നു.” എന്ന് ചന്ദ്രശേഖര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സഖാവ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നുണ്ട്.
രക്തസാക്ഷികളുടെ ചോരയാല്‍ തീര്‍ത്ത ചെങ്കൊടി പാറുന്ന, പട്ടിണിക്കാരുടെ പിടിയരിയും പാലോറമാതമാരുടെ ഏക സമ്പാദ്യങ്ങളും സ്വരൂപിച്ച് രക്തസാക്ഷിത്വത്തിന്റെ മഹത്വവും ഊര്‍ജ്ജവും ആവാഹിച്ച പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരങ്ങള്‍ കൊലയാളികളെ പാര്‍പ്പിക്കുന്ന ഒളിവിടങ്ങളായി മാറി.
നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മറ്റി ഒഞ്ചിയത്ത് രഹസ്യയോഗം ചേരുമ്പോഴാണ് 1948-ല്‍ എം.എസ്.പി, നേതാക്കളെ പിടികൂടാന്‍ ഒഞ്ചിയം വളഞ്ഞത്. നിരായുധരായ ജനങ്ങള്‍ക്കുനേരെയാണ് വെടിവെച്ചത്. എട്ടുപേര്‍ അവിടെ വെടിയേറ്റു മരിച്ചു.
വെടിയേറ്റ മണ്ടോടി കണ്ണനെ വടകര സ്റ്റേഷന്‍ ലോക്കപ്പില്‍ പൊലീസ് ഇടിച്ച് തലയോട്ടിവരെ പൊട്ടിച്ചു. നേതാക്കളുടെയോ യോഗത്തിന്റെയോ വിവരം കണ്ണന്റെ നാക്കില്‍നിന്ന് പുറത്തുവന്നില്ല. പകരം തന്റെ ചോരകൊണ്ട് ചുവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം സൃഷ്ടിച്ച് പൊലീസിന് മറുപടി നല്‍കുകയാണ് കണ്ണന്‍ ചെയ്തത്.
കണ്ണനെ ഇടിച്ചു കൈതളര്‍ന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ആ മുഖത്തുനോക്കി ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് ആദ്യമായി പറഞ്ഞത്.
മണ്ടോടി കണ്ണന്‍ രക്തസാക്ഷിയായി പതിനൊന്നുവര്‍ഷം കഴിഞ്ഞാണ് ചന്ദ്രശേഖരന്‍ ജനിക്കുന്നത്. വീടിന്നടുത്തുള്ള മണ്ടോടികണ്ണന്റെ ശവകുടീരവും ആശയങ്ങളും ജാലിയന്‍വാലാബാഗ്, ഭഗത് സിംഗിനെ ആവേശംകൊള്ളിച്ചപോലെ ചന്ദ്രശേഖരനിലെ വിപ്ലവകാരിയെ വളര്‍ത്തിയെടുക്കുകയായിരുന്നു.
ബാലസംഘം മുതല്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ നാളുകളില്‍ അതിനെ ധീരമായി നയിക്കാന്‍ മുന്നിട്ടുനിന്ന ചന്ദ്രശേഖരന്‍ ഒരു യഥാര്‍ഥ കമ്മ്യൂണിസ്‌ററ് എന്തായിരിക്കണമെന്ന സമര സംഘടനാ പാഠങ്ങള്‍ തന്നാണ് കടന്നുപോയത്.
അതിന് തന്റെ ജീവന്‍ കൊടുത്തുകൊണ്ട് പോരാടി എന്നതാണ് ആ ജീവിതത്തിന്റെ മഹത്വത്തെ പൂര്‍ണമാക്കുന്നത്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒഞ്ചിയത്തിന്റെ, പുതുലോകക്രമത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ വലതുപക്ഷ അവസരവാദത്തിനെതിരായ രക്തസാക്ഷിയായി ചന്ദ്രശേഖരന്‍ ജീവിക്കുകതന്നെ ചെയ്യും.