സെഡാന്‍ നിരയില്‍ ഹോണ്ടയുടെയുടെയും ഹ്യൂണ്ടായിയുടെയും കുത്തക അവസാനിപ്പിക്കാന്‍ പുത്തന്‍ സെഡാനുമായി ടൊയോട്ട ഇന്ത്യയിലെത്തുന്നു. 2018 ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വിയോസിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഹോണ്ട സിറ്റി, ഹ്യൂണ്ടായിയുടെ വെര്‍ണ, മാരുതി സിയാസ്, സ്‌കോഡ റാപിഡ്, ഫോക്‌സ്വാഗന്‍ വെന്റോ എന്നിവയുടെ നിരയിലേക്കായിരിക്കും വിയോസിന്റെ അരങ്ങേറ്റം.
ടൊയോട്ട യാരിസ് അറ്റീവിന്റെ ചെലവുകുറഞ്ഞ വേര്‍ഷനാണ് വിയോസിന്റെ ഇന്ത്യന്‍ പതിപ്പെന്നു പറയാം. പക്ഷേ രൂപത്തില്‍ കുഞ്ഞന്‍ കൊറോളയാണ് വിയോസ്. ഹെഡ്‌ലൈറ്റുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗ്രില്ലുകളും നടുക്ക് വലിയ ടൊയോട്ട ലോഗോയും നല്‍കിയിട്ടുണ്ട്. വലുപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ എക്സ്റ്റീരിയറിനെ കൂടുതല്‍ മികവുറ്റതാക്കുന്നു.
വലിയ ബമ്പറിലാണ് ഫോഗ് ലാമ്പുകളും ഡേടൈം റണ്ണിങ് ലാമ്പുകളും പിടിപ്പിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലാമ്പുകള്‍ ഹെഡ്‌ലൈറ്റില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത് വ്യത്യസ്തമായൊരു പരീക്ഷണമാണ്. ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള കറുത്ത സ്‌മോക്കി ഫിനിഷ് വാഹനത്തിന് സ്‌പോര്‍ട്ടിനെസ് നല്‍കും.
വലുപ്പമേറിയ ടെയില്‍ ലൈറ്റുകള്‍, ഒറ്റ യൂണിറ്റെന്ന് തോന്നിക്കുമാറ് ചേര്‍ന്ന് നില്‍ക്കുന്ന ബമ്പര്‍, ടെയില്‍ ലൈറ്റിന് യോജിക്കുന്ന ക്രോം ബാര്‍, മുകളില്‍ പിന്നിലായി പിടിപ്പിച്ചിരിക്കുന്ന ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയൊക്കെ വിയോസിനെ കൂടുതല്‍ അഴകുള്ളതാക്കുന്നു.
വലുപ്പം കുറഞ്ഞതെങ്കിലും വ്യക്തതയുള്ള ടച്ച് സ്‌ക്രീനില്‍ കാമറയും നാവിഗേഷനും ഉള്‍പ്പെടെ എല്ലാം ലഭിക്കും. അടിവശം അല്‍പം പരന്ന സ്റ്റിയറിങ് വീലില്‍ അത്യാവശ്യം വേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വേര്‍തിരിച്ച ഗിയര്‍ ലിവര്‍ ഷിഫ്റ്റുകള്‍ അനായാസമാകും.
എറ്റിയോസിലെ 1.5ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോളും, 1.4ലിറ്റര്‍ ഡി ഫോര്‍ ഡി ഡീസല്‍ എന്‍ജിന്‍ തന്നെയാകും വിയോസിനും. 8.50 ലക്ഷം മുതല്‍ 13.50 ലക്ഷം വരെയാവും വില.