ന്യൂദല്‍ഹി: ഫോര്‍ഡിന് പിന്നാലെ ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. വിപണിയില്‍ പ്രചാരമേറിയ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്.
ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് തകരാറുകള്‍ ഉള്ളതെന്ന് കമ്പനി പറഞ്ഞു.
വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കി. ഇന്ധന ടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നെന്ന സ്ഥിതിവിശേഷമാണ് മോഡലുകളില്‍. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം.
Read: ടാറ്റയുടെ ലാന്‍ഡ് റോവര്‍ മോഡല്‍ എസ്.യു.വിയുടെ പേര് ‘ഹെറിയര്‍’
ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് ഫ്യൂവല്‍ ഹോസ് തകരാറുള്ളതെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിക്കും.
വാഹനത്തില്‍ പ്രശ്നമുണ്ടോയെന്ന് സമീപമുള്ള ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്ന് ഉടമകള്‍ക്കും പരിശോധിക്കാം. നിര്‍മ്മാണപ്പിഴവുകള്‍ കണ്ടെത്തിയാല്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും.
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പ്രതിമാസം 8,000 യൂണിറ്റുകളുടെ വില്‍പന നേടാന്‍ ടൊയോട്ടയ്ക്ക് കഴിയുന്നുണ്ട്. പ്രീമിയം വിലയില്‍ അണിനിരന്നിട്ടു പോലും ഇന്നോവയുടെ പ്രചാരത്തിന് തെല്ലും കുറവില്ല.