ബലെനോ ടൊയോട്ടയുടെ കുപ്പായമിട്ടാല്‍ ഗ്ലാന്‍സ;റീബാഡ്ജില്‍ ഇനി ആരൊക്കെ?
New Release
ബലെനോ ടൊയോട്ടയുടെ കുപ്പായമിട്ടാല്‍ ഗ്ലാന്‍സ;റീബാഡ്ജില്‍ ഇനി ആരൊക്കെ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 1:18 pm

ജാപ്പനീസ് കാര്‍നിര്‍മാതാവായ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ഗ്ലാന്‍സ. എന്നാല്‍ ഗ്ലാന്‍സ വിപണിയിലേക്ക് എത്തുംമുമ്പെ എന്തായിരിക്കും ഫീച്ചറുകള്‍ എന്ന കാര്യത്തില്‍ മാരുതിയുടെ ബലെനോയുടെ ഉപഭോക്താക്കള്‍ക്ക് സംശയമില്ല.

ടൊയോട്ടോ പുതിയ വല്ല അനുഭവവും തയ്യാറാക്കിയിട്ടുണ്ടോ എന്നത് മാത്രമാണ് അറിയാനുണ്ടാവുക. കാരണം മാരുതിയുടെ ബലനോയില്‍ ടൊയോട്ടോയുടെ സ്റ്റിക്കര്‍ പതിച്ചാല്‍ ഗ്ലന്‍സയായി. മാരുതിയുടെ എര്‍ട്ടിഗ,വിറ്റാത ബ്രസ്സ,സിയാസ് മോഡലുകളെയും ടൊയോട്ട പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ഇവയെ വിവിധ പേരുകളില്‍ ടൊയോട്ടയുടെ ശ്രേണിയിലേക്ക് പകര്‍ത്തും.

മൂന്നു വര്‍ഷം / ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ടൊയോട്ട റീബാഡ്ജ് ചെയ്യുന്ന മാരുതി കാറുകള്‍ക്കെല്ലാം പ്രതീക്ഷിക്കാം.ടൊയോട്ടയുടെ മൂവിങ് കുറഞ്ഞ മോഡലായ യാരിസിനെ പറഞ്ഞ് വിട്ട് സിയാസിനെ പ്രതിഷ്ഠിച്ചേക്കുമെന്നും വിവരമുണ്ട്.

റീബാഡ്ജിലൂടെ വില്‍പ്പന പൊടിപ്പൊടിക്കുമെന്നൊന്നും കമ്പനി കരുതുന്നില്ല. പ്രീമിയം നിരയിലേക്ക് പൂര്‍ണമായും ചുവടുമാറുന്നതോടെ പത്ത് ലക്ഷം രൂപയ്ക്ക് താഴെയുള്ള വിപണിയില്‍ സാന്നിധ്യമാകാനാണ് തീരുമാനം. ചിലവ് കുറച്ച് മോഡല്‍ നിര വിപുലമാക്കാനാണ് മാരുതിയുമായുള്ള റീബാഡ്ജിലൂടെ ടൊയോട്ട ലക്ഷ്യമിടുന്നത്.