| Wednesday, 13th May 2015, 2:55 pm

ടൊയോട്ടയും നിസാനും 65 ലക്ഷം കാറുകള്‍ മാര്‍ക്കറ്റില്‍ നിന്നും തിരികെ വിളിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ടോക്കിയോ: ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയും നിസാനും 65 ലക്ഷം കാറുകള്‍ മാര്‍ക്കറ്റില്‍ നിന്നും തിരികെ വിളിക്കാനൊരുങ്ങുന്നു. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനാലാണ് കാറുകള്‍ കൂട്ടമായി പിന്‍വലിക്കുന്നത്. എയര്‍ബാഗ് നിര്‍മാതാക്കളായ ടകാറ്റയാണ് കമ്പനികള്‍ക്ക് എയര്‍ബാഗ് നിര്‍മിച്ച് കൊടുത്തിരുന്നത്.

കൊറോള, വിറ്റ്‌സ് എന്നീ മോഡലുകള്‍ ഉള്‍പ്പടെ 5 മില്ല്യണ്‍ കാറുകളാണ് തങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുന്നതെന്ന് ടൊയോട്ട അറയിച്ചു. 2003നും 2007നും ഇടയില്‍ നിര്‍മിച്ചവയാണ് പിന്‍വലിക്കപ്പെടുന്ന മറ്റ് കാറുകള്‍. എയര്‍ബാഗിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 1.56 മില്ല്യണ്‍ കാറുകളാണ് നിസാന്‍ പിന്‍വലിക്കുന്നത്.

എയര്‍ബാഗിന്റെ ഗുണ മേന്മ പരിശോധിക്കാനാണെന്നും മറിച്ച് അപകടങ്ങളോ മറ്റ് തകരാറുകളോ കണ്ടെത്തിയതിനാലല്ല കാറുകള്‍ പിന്‍വലിക്കുന്നതെന്നും കാര്‍ കമ്പനികള്‍ അറിയിച്ചു.

ലോകത്തെ മുന്‍ നിര കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ 35ഓളം മോഡലുകളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുന്നത്. ഇതില്‍ 1.36 മില്ല്യണ്‍ കാറുകളും ജപ്പാനില്‍ നിന്നാണ്.

നിസാന്‍, ടൊയോട്ട കമ്പനികള്‍ക്ക് പുറമെ സമാനമായ പ്രശ്‌നങ്ങള്‍ കാരണം ഹോണ്ടയും കാറുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ 100,000 കാറുകള്‍ ഹോണ്ട തിരികെ വിളിച്ചിരുന്നു. ടകാറ്റ തന്നെയാണ് ഹോണ്ടക്കും എയര്‍ബാഗ് നിര്‍മിച്ച് നല്‍കുന്നത്.

2008ന് ശേഷം ടകാറ്റയുടെ എയര്‍ബാഗ് ഉപയോഗിക്കുന്ന 25 മില്ല്യണ്‍ കാറുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more