ഭാവന തിരിച്ചുവരവ് നടത്തിയ ഏറ്റവും പുതിയ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ടോക്‌സിക് റിലേഷന്‍ഷിപ്പ്, ടോക്‌സിക് പാരന്റിങ്, തെരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങി നിരവധി പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ജിമ്മി എന്ന കഥാപാത്രമായി ഷറഫുദ്ദീനും നിത്യ എന്ന കഥാപാത്രമായി ഭാവനയും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
spoiler alert…
ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്തുകടന്ന കഥാപാത്രമായാണ് ഭാവനയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിത്യ എന്ന അവരുടെ കഥാപാത്രം സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കുറേ കാര്യങ്ങളുണ്ട്.
വിവാഹബന്ധത്തില്‍ നിന്നും പുറത്തുവന്ന സ്ത്രീക്ക് പിന്നീട് മറ്റൊരു പ്രണയം ഉണ്ടായിക്കൂടെയെന്ന് പലപ്പോഴും നിത്യയെന്ന കഥാപാത്രം ചോദിക്കുന്നുണ്ട്. വിവാഹിതയായതിന്റെ പേരില്‍ ഒമ്പത് വര്‍ഷത്തോളം ഭാവനയുടെ കഥാപാത്രം അടിമയെ പോലെ കഴിയുന്നുണ്ട്. സൂഹത്തില്‍ ഒരുപാട് നിത്യമാര്‍ ഇത്തരത്തില്‍ ഉണ്ട്.
വിവാഹം കഴിച്ചതിന്റെ പേരില്‍ പലതും സ്ത്രീകള്‍ ത്യജിക്കേണ്ടി വരുന്നു. ശ്വസിക്കാന്‍ പോലും മറ്റൊരാളുടെ അനുമതിക്കായി കാത്ത് നില്‍ക്കേണ്ടി വരുന്ന ഭീകരത തന്നെയാണ് ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ അകപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയെന്ന് വളരെ കൃത്യമായി ഏച്ചുകെട്ടലുകളില്ലാതെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നില്‍ തുറന്ന് കാണിക്കുന്നുണ്ട്.
ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്തുകടക്കാന്‍ നിത്യക്ക് ഒമ്പത് വര്‍ഷം വേണ്ടി വന്നു. അതില്‍ നിന്നും ഇറങ്ങിവരുകയെന്നത് അത്രമാത്രം ബുദ്ധിമുട്ടാണെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്. ചിലര്‍ താനുള്ളത് ടോക്‌സിക് റിലേഷന്‍ഷിപ്പിലാണെന്ന് മനസിലാക്കുക പോലുമില്ല. മനസിലാക്കി വരുമ്പോഴേക്കും അവര്‍ മാനസികമായി തളര്‍ന്ന് പോയിട്ടുണ്ടാകും.
നിത്യ തന്റെ ഭര്‍ത്താവ് മാറുമെന്നും തന്നെ സ്‌നേഹിക്കുമെന്നും കരുതി തന്നെയാണ് അയാളുടെ കൂടെ ജീവിച്ചത്. എന്നാല്‍ ജോലിക്ക് പോലും പോകാന്‍ അനുവദിക്കാതെ നിത്യയെ തടങ്കലില്‍ താമസിപ്പിക്കാനാണ് അയാള്‍ ആഗ്രഹിച്ചത്. ജോലിക്ക് പോകാന്‍ ശ്രമിച്ചിതിന് അവരെ വീട്ടിലെ ടോയ്‌ലറ്റില്‍ അടച്ചിടുന്ന ക്രൂരത വരെ ചിത്രത്തില്‍ കാണാം.
ഭര്‍ത്താവിന് ഭാര്യയെ എന്തും ചെയ്യാമെന്ന അവകാശമുണ്ടെന്ന ബോധത്തിലാണ് നിത്യയെ ക്രൂരമായി ഉപദ്രവിച്ചിട്ടും ഭര്‍ത്താവിനെ ആരും ഒന്നും പറയാതിരുന്നത്. ഇതില്‍ നിന്നെല്ലാം പുറത്ത് വന്നിട്ടും ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടാന്‍ നിത്യ കഷ്ടപ്പെടുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ തന്റെ തീരുമാനങ്ങളില്‍ പിന്നീട് നിത്യ ഉറച്ച് നില്‍ക്കുന്നുണ്ട്.
വിവാഹിതയായി എന്നുവെച്ച് തന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവെക്കേണ്ടവളാണോ സ്ത്രീ എന്ന് ഭാവനയിലൂടെ സിനിമ ചോദിക്കുന്നു. എത്രമാത്രം സംഘര്‍ഷങ്ങളാണ് ഇത്തരം ടോക്സിക് റിലേഷന്‍ഷിപ്പില്‍ അകപ്പെടുന്നവര്‍ അനുഭവിക്കുന്നതെന്ന് തുറന്നുകാട്ടുന്നതില്‍ സിനിമ പൂര്‍ണമായും വിജയമാണ്.
content highlight: toxic relationship in the movie ntikkakkakkoru premandaarnnu