ആ കിക്ക് രാജ്ഭവനിലെ രാജേഷിന് മാത്രം ഉള്ളതല്ല, അത് 'രാജ്ഭവ'നിലെ സംഘി ബോധത്തിന് കൂടെയുള്ളതാണ്
Movie Day
ആ കിക്ക് രാജ്ഭവനിലെ രാജേഷിന് മാത്രം ഉള്ളതല്ല, അത് 'രാജ്ഭവ'നിലെ സംഘി ബോധത്തിന് കൂടെയുള്ളതാണ്
പ്രശാന്ത് പ്രഭ
Wednesday, 2nd November 2022, 4:06 pm

‘നീ കൊടുത്തിട്ട് വേണോ അവള്‍ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ ‘ വെറുതെ ചിരിച്ച് തള്ളേണ്ടത് മാത്രമല്ല ‘ജയ ജയ ജയ ഹേ..’

ടോക്‌സിക് പാരന്റിങ്ങില്‍ തുടങ്ങി അതിനേക്കാള്‍ ഭീകരമായ ടോക്‌സിക് ദാമ്പത്യത്തിലേക്ക് എടുത്ത് എറിയപ്പെട്ട പെണ്ണിന്റെ ചെറുത്ത് നില്‍പ്പും സ്വാതന്ത്ര്യ പ്രഖ്യാപനവും കൂടിയാണ് ജയ ഹേ.

പെണ്ണിന്റെ ഇഷ്ട്ടങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിക്കുന്ന കുടുംബത്തില്‍ (കരുണാകരനും ഇന്ദിരഗാന്ധിയും മൊക്കെ ചുവരില്‍ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്ന ) നിന്ന്, സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന പുരോഗമന നേതാവും പാരലല്‍ കോളേജ് അധ്യാപഹയനുമായ കാമുകനില്‍ (ഉള്ളിന്റെയുള്ളില്‍ സ്ത്രീ വിരുദ്ധതയില്‍ ഊറ്റം കൊള്ളുകയും പൊതു സമൂഹത്തിന് മുന്നില്‍ സ്ത്രീ വിമോചനം പറയുകയും ചെയ്യുന്ന) നിന്ന് രക്ഷപെട്ട്, സംഘിയായ കസിന്റെ അഭിപ്രായങ്ങള്‍ അതേപടി ഏറ്റെടുത്തു സ്വന്തം ഭാര്യയ്‌ക്കെതിരെ മര്‍ദ്ദനമഴിച്ചുവിടുന്ന ആര്‍ഷ ഭാരത ഭര്‍ത്താവിന്റെ അടുക്കളയില്‍ എത്തിപ്പെട്ട എക്‌സ്ട്രാ ഓര്‍ഡിനറി ടാലെന്റ് ഉള്ള പെണ്ണിന്റ ചെറുത്ത് നില്‍പ്പും അവളുടെ അതിജീവനവും കൂടിയാണ് ‘ജയ ജയ ജയ ജയഹേ.’

എല്ലാം രക്ഷകര്‍ത്താക്കളുടെ ഇഷ്ടത്തിന് അനുസരിപ്പിച്ച് ചെയ്യിപ്പിക്കുക, (പെണ്‍കുട്ടികളുടെ ഡ്രസ്സ്മുതല്‍ അവര്‍ കളിക്കേണ്ട കളിപ്പാട്ടം വരെ പഠനം മുതല്‍ വിവാഹം വരെ) അവസാനം നിന്റെ ഇഷ്ടത്തിന് എല്ലാം ചെയ്ത് തന്നിട്ട് ഞങ്ങളോട് ഈ ചതി ചെയ്തല്ലോ എന്ന് വിലപിക്കുന്ന അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും, ഭക്തി, പാചകം, കൈപ്പുണ്യം, കുടുംബത്തില്‍ പിറക്കുക, കുട്ടികള്‍ തുടങ്ങിയവയാണ് ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്ന് ആഗ്രഹിക്കുന്ന ആര്‍ഷ ഭാരത കുല പുരുഷു, കുല സ്ത്രീ ടീമിനും പറ്റിയ കപ്പിലെ ചായയല്ല ‘ജയ ജയ ജയ ജയഹേ’ എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.

അത്യന്തം Male Dominated ആയ ഈ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആണത്തഹുങ്കിനെതിരെയുള്ള ”ആ ഒറ്റ കിക്ക് ”തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട് എന്നത് വളരെയധികം സന്തോഷം നല്‍കുന്ന ഒരു കാഴ്ച്ച കൂടിയായിരുന്നു.

Nb: ആ കിക്ക് രാജ്ഭവനി ലേ രാജേഷിനു മാത്രം ഉള്ളതല്ല അത് ‘രാജ്ഭവ’നിലെ സംഘി ബോധത്തിന് കൂടെയുള്ളതാണ്.

Content Highlight: Toxic parenting and Toxic Husband Jaya Jaya jaya jayahe Movie write up

പ്രശാന്ത് പ്രഭ
Digital creator, Freelancer