ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കാഞ്ചിപുരം ജില്ലയിലെ നെമിലിയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. വിഷവാതകം ശ്വസിച്ചാണ് മരണം. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്.
ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്. ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വൃത്തിയാക്കുകയായിരുന്നു.
നിയമം ശക്തമായിട്ടും തൊഴിലാളികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് ശുചീകരണം നടത്തിച്ചതില്‍ വന്‍പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ് സെപ്റ്റംബറിലും തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സമാനമായ രീതിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചിരുന്നു.
ശുചീകരണ തൊഴിലാളികളെ കൊണ്ട് ടാങ്ക് വൃത്തിയാക്കുന്നത് നിരോധിച്ചിട്ടും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ശുചീകരണപ്രവൃത്തികള്‍ ചെയ്യിക്കുന്നത് വ്യാപകമാണ്. പല തവണ ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചിട്ടും ഇത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടികളും എടുക്കാറില്ല.