നൂറ്റാണ്ടിന്റെ പ്രളയം; ഓസ്‌ട്രേലിയ വെള്ളത്തിനടിയില്‍
flood in australia
നൂറ്റാണ്ടിന്റെ പ്രളയം; ഓസ്‌ട്രേലിയ വെള്ളത്തിനടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 1:18 pm

ക്വീന്‍സ്‌ലാന്‍ഡ്: വടക്ക് കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നാശം വിതച്ച് മഹാപ്രളയം. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടമായത്. വെള്ളം ജനവാസമേഖലയിലേക്ക് ഒഴുകിയതോടെ വീടുകളില്‍ മുതലകളും വിഷപ്പാമ്പുകളും കയറിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഇനിയും തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി്.

ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ് വില്ലെ നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും നഷ്ടപ്പെട്ടിട്ടുണ്ട്.ടൗണ്‍സ് വില്ലെയിലെ ജനങ്ങള്‍ സുരക്ഷ ഉറപ്പാക്കാന്‍ വീടിന് മുകളില്‍ കയറി ഇരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തമായതോടെ റോസ് റിവെര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സെക്കന്‍ഡില്‍ 1900 ക്യുബിക്ക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിക്കുമെന്നും ടൗണ്‍സ് വില്ലെയുടെ പരിസരപ്രദേശങ്ങളിലും പ്രളയജലം കൂടുതലായി കയറാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ALSO READ: മമതയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്; ഹരജി നാളെ പരിഗണിക്കും

ക്വിന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തിലെ ജനങ്ങളോട് അടിയന്തിരമായി സുരക്ഷിതയിടങ്ങളിലേക്ക് താമസം മാറാനുള്ള നിര്‍ദേശവും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയമാണിതെന്ന് ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ അന്നറ്റാസ്യ വ്യക്തമാക്കി.

അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഴയ്‌ക്കൊപ്പം കാറ്റിന്റെ വേഗത വര്‍ധിക്കുന്നതും അപകടമാണ്. അതുകൊണ്ട് ആരും റോഡില്‍ ഇറങ്ങരുതെന്ന നിര്‍ദേശവും ക്വീന്‍സ് ലാന്‍ഡ് നിവാസികള്‍ക്ക് അവര്‍ നല്‍കിയിട്ടുണ്ട്.

നൂറുകണക്കിന് വീടുകളാണ് ടൗണ്‍സ് വില്ലെയില്‍ മാത്രം തകര്‍ന്നത്. 20,000 കെട്ടിടങ്ങള്‍ക്ക് ഭീഷണിയുള്ളതായും 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയജലത്തിനോടൊപ്പം മുതലകളും പാമ്പുകളും ഒഴുകിയെത്തിയതിനാല്‍ സുരക്ഷിതരാകണമെന്ന നിര്‍ദേശം ക്വീന്‍സ് ലാന്‍ഡ് അധികൃതര്‍ നല്‍കിയതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വീന്‍സ്‌ലാന്‍ഡില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് ഓസ്്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.