| Tuesday, 11th June 2024, 12:22 pm

ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് അമ്പയറാണ്; അമ്പയറിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൗഹിദ് ഹൃദ്യോയ്

സ്പോര്‍ട്സ് ഡെസ്‌ക്

നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. ബംഗ്ലാദേശിനെ നാല് റണ്‍സിനാണ് പ്രോട്ടിയാസ് കീഴടക്കിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

റണ്‍സ് ഒഴുകാത്ത നസാവുവില്‍ ആറ് വിക്കറ്റിന് 113 റണ്‍സിന് തകരുകയായിരുന്നു. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിനെ 109 റണ്‍സിന് പിഴുതെറിയുകയായിരുന്നു പ്രോട്ടിയാസ്. ഇതോടെ ടി-20 ലോകകപ്പില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്.

എന്നാല്‍ മത്സരത്തില്‍ നടന്ന ഒരു അമ്പയര്‍ ഡിസിഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇത് ബംഗ്ലാദേശിന്റെ തോല്‍വിക്ക് തന്നെയാണ് വഴിവെച്ചത്.

17-ാം ഓവറില്‍ മഹ്‌മൂദുള്ളയ്ക്കെതിരെ സംശയാസ്പദമായ എല്‍.ബി.ഡബ്ല്യു തീരുമാനമാണ് വിവാദത്തിന് കാരണമായത് . പാഡില്‍ തട്ടി പന്ത് ബൗണ്ടറിയില്‍ എത്തിയിട്ടും, സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഔട്ടീനിയല്‍ ബാര്‍ട്മാന്‍ അപീല്‍ ചെയ്തപ്പോള്‍ അമ്പയര്‍ സാം നൊഗാജ്സ്‌കി ബൗളര്‍ക്ക് അനുകൂലമായാണ് ഡിസിഷന്‍ വിളിച്ചത്. എന്നാല്‍ ഡിസിഷന് എതിരെ അപീല്‍ ചെയ്തപ്പോള്‍ തേര്‍ഡ് അമ്പയര്‍ വിക്കറ്റല്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പാഡിന് തട്ടി ഫൈന്‍ലെഗിലൂടെ ബൗണ്ടറിയിലെത്തിയ പന്തിന് അമ്പയര്‍ ഫോര്‍ നല്‍കിയിരുന്നില്ല.

റിവ്യൂ കൊടുത്തതിനാല്‍ പന്ത് ഡെഡ് ആകുകയും ഇതോടെ ബംഗ്ലാദേശിന് ലെഗ് ബൈ റണ്‍സ് നിഷേധിക്കുകയായിരുന്നു ഓണ്‍ ഫാല്‍ഡ് അമ്പയര്‍. ഒടുവില്‍ മത്സരത്തിന്റെ അവസാനം ബംഗ്ലാദേശ് താരം തൗഹിദ് ഹൃദ്യോയ് അമ്പയറിങ്ങിനെതിരെ സംസാരിച്ച് രംഗത്ത് വന്നിരുന്നു.

‘അമ്പയറുടെ കോള്‍ ഞങ്ങളുടെ ടീമിന് അനുകൂലമായിരുന്നില്ല, അവരുടെ വീക്ഷണത്തില്‍ അത് ശരിയായ കോളായിരിക്കാം. ഇത് ഒരു കടുത്ത മത്സരമായിരുന്നു, ഞങ്ങള്‍ക്ക് നഷ്ടമായ ആ നാല് റണ്‍സ് ഫലത്തെ കാര്യമായി മാറ്റിമറിച്ചു. അമ്പയറുടെ തീരുമാനത്തെ ഞാന്‍ മാനിക്കുമ്പോള്‍, ഒരു ടീമെന്ന നിലയില്‍ ഇത് ഞങ്ങളെ നിരാശപ്പെടുത്തുന്നു,’ഹൃദോയ് പറഞ്ഞു.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. ജൂണ്‍ 15ന് നേപ്പാളിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

Content Highlight: Towhid Hridoy Slams Umpiring after loss Against South Africa

We use cookies to give you the best possible experience. Learn more