എയര്‍ടെല്ലിനെ കുടുക്കാനുള്ള ജിയോയുടെ തന്ത്രം പാളി; ആ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍
farmers protest
എയര്‍ടെല്ലിനെ കുടുക്കാനുള്ള ജിയോയുടെ തന്ത്രം പാളി; ആ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd January 2021, 1:35 pm

ന്യൂദല്‍ഹി: ജിയോ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എയര്‍ടെല്‍ രംഗത്ത്. ജിയോക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും
ഉപയോക്താക്കള്‍ കുറയുന്നതിനും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന് ജിയോ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് എയര്‍ടെല്‍ മുന്നോട്ടുവന്നിരിക്കുന്നത്.

ജിയോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എയര്‍ടെല്‍ പറഞ്ഞു. ജിയോ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഭാര്‍തി എയര്‍ടെല്ലിന്റെ പങ്കുള്ളതിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലെങ്കില്‍ ജിയോയുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്മെന്റിന് ഡിസംബര്‍ 28ന് നാണ് എതിരാളികള്‍ തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നു എന്ന് ആരോപിച്ച് കത്ത് നല്‍കിയത്. ഇതേക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും എയര്‍ടെല്‍ പറയുന്നു.

കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ എയര്‍ടെല്‍ ആണെന്നും ജിയോയുടെ നെറ്റ്വര്‍ക്ക് അട്ടിമറിക്കാന്‍ നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാര്‍ എയര്‍ടെല്ലിലേക്ക് എത്തുമെന്നു കരുതി നടത്തുന്നതാണ് എന്നും മറ്റുമുള്ള ആരോപണങ്ങള്‍ തികച്ചും മര്യാദാലംഘനമാണെന്നും എയര്‍ടെലിന്റെ കത്തില്‍ പറയുന്നു.

ജിയോയുടെ ഉപയോക്താക്കളെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ മാത്രം സര്‍വശക്തരാണ് എയര്‍ടെല്‍ എന്ന് ജിയോ വിശ്വസിക്കുന്നു എന്നത് അത്ഭുതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ഇത്തരം ഒരു ശക്തി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ തങ്ങള്‍ കാണിക്കുമായിരുന്നില്ലെ എന്നും എയര്‍ടെല്‍ ചോദിക്കുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധത്തെ വകവെക്കാതെ റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തിന് അമിത പ്രാധാന്യം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു.

കേടായ ടവറുകള്‍ നന്നാക്കാന്‍ പറ്റുന്നതാണെന്നും എന്നാല്‍ കടുത്ത തണുപ്പിലും ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരെക്കുറിച്ച് കേന്ദ്രത്തിന് എന്താണ് പറയാനുള്ളതെന്നും അമരീന്ദര്‍ ചോദിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരോട് കടുത്ത അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Tower damage case: Airtel writes to DoT, says Jio’s charges are baseless