മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് പ്രതിഭ തെളിയിച്ച നടനാണ് അനൂപ് മേനോന്‍. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും അനൂപ് മേനോന്‍ നിര്‍ണായകമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലയാള സിനിമയിലെ യുവതാരങ്ങള്‍ ഒരുപക്ഷേ അഭിനേതാക്കളായില്ലെങ്കില്‍ മറ്റേത് ജോലിയായിരിക്കും ചെയ്യുക എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള മലയാളത്തിലെ യുവതാരങ്ങള്‍ ഒരുപക്ഷേ സിനിമാ ഫീല്‍ഡില്‍ വന്നില്ലായിരുന്നുവെങ്കില്‍ മറ്റെന്താകുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരമായാണ് താരം ഇക്കാര്യം പറയുന്നത്.
ദുല്‍ഖര്‍ നടനായിരുന്നില്ലെങ്കില്‍ ഒരു കാര്‍ഡിയാക് സര്‍ജന്‍ ആവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഹി കുഡ് ബി എ വെരി ഗുഡ് ഡോക്ടര്‍. വളരെ സൂത്തിങ് ആയി ആളുകളോട് സംസാരിക്കുന്ന, ഐ കാന്‍ ഓണ്‍ലി വിഷന്‍ ഹിം ലൈക്ക് ദാറ്റ്,’ എന്നായിരുന്നു അനൂപ് മേനോന്‍ പറഞ്ഞത്.
തനിക്ക് ദുല്‍ഖറിനെ പോലെ തന്നെയുള്ള ഒരു സുഹൃത്ത് ഉണ്ടെന്നും അദ്ദേഹം ഒരു കാര്‍ഡിയാക് സര്‍ജനാണെന്നും അനൂപ് മേനോന്‍ പറഞ്ഞു. എന്നാല്‍ ദുല്‍ഖറിനെ ഒരു ഡോക്ടറായി തനിക്ക് സങ്കല്‍പിക്കാന്‍ പോലും ആകില്ലെന്നായിരുന്നു അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന ശ്രുതി പറഞ്ഞത്.
ഫഹദ് ഫാസിലിനെ മോഹന്‍ ലാലിനെ പോലെ ഒരു നടന്‍ അല്ലാതെ മറ്റൊരു രീതിയില്‍ തനിക്ക് സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്നായിരുന്നു അനൂപ് മേനോന്റെ മറുപടി. ഇനി വേണമെങ്കില്‍ പറയാന്‍ ആണെങ്കില്‍ അദ്ദേഹം സെന്‍സിബിള്‍ സിനിമ എടുക്കുന്ന പ്രോഡ്യൂസറാവാന്‍ സാധ്യതയുണ്ടെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫഹദ് സൈക്കോളജിസ്റ്റാവമെന്നായിരുന്നു ശ്രുതി പറഞ്ഞത്.
ടൊവിനോ തോമസിനെ കുറിച്ചുള്ള ചോദ്യത്തിന് സംശയലേശമന്യേ എന്‍ജിനീയര്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. ടൊവിനോ എന്‍ജിനീയറിങ്ങാണ് പഠിച്ചതെന്ന് അവതാരക ഓര്‍മിപ്പിച്ചപ്പോള്‍ അത് തനിക്ക് അറിയുമായിരുന്നില്ല എന്നും അനൂപ് മേനോന്‍ പറഞ്ഞു.
ഭാവന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്ന ഒരു ശക്തയായ സ്ത്രീയായി മാറിയേനേ എന്നും ഹണി റോസ് ഒരു ഡെര്‍മറ്റോളജിസ്റ്റ് ആയേനെ എന്നും അനൂപ് മേനോനും ശ്രുതിയും പറയുന്നു.
നരിക്കുനി, നന്മണ്ട ഭാഗത്തെ സ്‌കൂളിലെ ഒരു ടീച്ചറായിട്ടാണ് സുരഭി ലക്ഷ്മിയെ താരം കാണുന്നത്. വഴക്ക് പറയേണ്ടിടത്ത് വഴക്ക് പറയുകയും ചേര്‍ത്ത് നിര്‍ത്തേണ്ടിടത്ത് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന എല്ലാവര്‍ക്കുമിഷ്ടപ്പെടുന്ന ടീച്ചറായിരിക്കും സുരഭിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വരാലാണ് അനൂപ് മേനോന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Content Highlight: Tovino will be an engineer if not an actor, unexpected answer about Dulquer; Anoop Menon on young stars