| Tuesday, 15th October 2024, 10:31 am

അന്ന് കണ്ട സ്വപ്നത്തിനാണ് ഇന്ന് ഞാന്‍ ജീവിക്കുന്നത്; എന്ത് ധൈര്യത്തിലാണ് ഇറങ്ങിയതെന്ന് എനിക്ക് ഓര്‍മയില്ല: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവന്‍ത്ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുന്‍നിര നായക നടനായി മാറുന്നത്.

കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളത്തിലെ മുന്‍നിര നായക നടനായി മാറിയ ടൊവിനോ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ കരിയറിലെ 50ാമത് സിനിമയെന്ന നാഴിക കല്ലിലെത്തിനില്‍ക്കുകയാണ്.

പണ്ട് കണ്ടൊരു വട്ടന്‍ സ്വപ്നത്തിലാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന് വീട്ടുകാരോട് ഇടക്ക് തമാശക്ക് പറയാറുണ്ടെന്ന് ടൊവിനോ പറയുന്നു. എന്ത് ധൈര്യത്തിലാണ് അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് അറിയില്ലെന്നും ഇറങ്ങിക്കോ എന്ന് ആരോ ഉള്ളില്‍ നിന്ന് പറയുന്നുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും വരായ്കകളെ കുറിച്ച് ചിന്തിക്കാനുള്ള ബുദ്ധിയും ബോധവും അന്ന് ഇല്ലാത്തതുകൊണ്ടുമാകാമെന്നും ടൊവിനോ പറയുന്നു. നമ്മുടെ പ്രവര്‍ത്തിയുടെ എന്‍ഡ് റിസള്‍ട്ടാണ് നമ്മള്‍ മണ്ടനാണോ ധീരനാണോ എന്ന് തീരുമാനിക്കുന്നതെന്നും എന്‍ഡ് റിസള്‍ട്ട് വിജയമാണെങ്കില്‍ നമ്മള്‍ ധീരനും പരാജയമാണെങ്കില്‍ മണ്ടനും ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ഞാന്‍ ഇടക്ക് എന്റെ വീട്ടുകാരോട് പറയും എന്നോ ഞാന്‍ കണ്ടൊരു വട്ടന്‍ സ്വപ്നം, ആ സ്വപ്നത്തിലാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന്. അന്ന് എന്ത് ധൈര്യത്തിലാണ് ഞാന്‍ ഇറങ്ങിയതെന്ന് എനിക്കോര്‍മ്മയില്ല. ഉള്ളിന്റെ ഉള്ളില്‍ ഇറങ്ങിക്കോ എല്ലാം ഓക്കേ ആയിരിക്കും എന്നാരോ പറയുന്നൊരു ധൈര്യം ഉണ്ടായിരുന്നു.

ചിലപ്പോള്‍ വരും വരായ്കകളെ കുറിച്ച് ചിന്തിക്കാനുള്ള ബുദ്ധിയും ബോധവും ഇല്ലാത്തതുകൊണ്ടാകാം. പക്ഷെ ഇപ്പോഴും ഞാന്‍ കരുതുന്നത് നമ്മുടെ പ്രവര്‍ത്തികളെക്കാള്‍ കൂടുതല്‍ നമ്മുടെ പ്രവര്‍ത്തികൊണ്ടുണ്ടാകുന്ന എന്‍ഡ് റിസള്‍ട്ടാണ് നമ്മള്‍ ധീരനാണോ മണ്ടനാണോ എന്ന് തെളിയിക്കുന്നത്. നമ്മുടെ പ്രവര്‍ത്തികൊണ്ടു നമ്മള്‍ വിജയിച്ചാല്‍ അപ്പോള്‍ നമ്മള്‍ ധീരനാകും, തോറ്റാല്‍ നമ്മള്‍ മണ്ടനും,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Tomas Talks About His Career

We use cookies to give you the best possible experience. Learn more