ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ യുവതാരമാണ് ടൊവിനോ തോമസ്.
ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ടൊവിനോ ഇന്ന് അന്യഭാഷയിൽ അടക്കം തിരക്കുള്ള നടനാണ്. 2018ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ സാധാരണക്കാരോടൊപ്പം ഇറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ടൊവിനോ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിലർ താരത്തിന് കൂടുതൽ റീച്ച് ഉണ്ടാക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് വിമർശിച്ചിരുന്നു.
അതിനെക്കുറിച്ച് നടി ഉർവശി പറഞ്ഞ ഒരു കാര്യം പങ്കുവെക്കുകയാണ് ടൊവിനോ. ടൊവിനോയും ഉർവശിയും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു എന്റെ ഉമ്മാന്റെ പേര്.
ചിത്രത്തിന്റെ പ്രമോഷനിടയിൽ നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യമാണെന്ന് ഉർവശി തന്നോട് പറഞ്ഞെന്ന് ടൊവിനോ പറയുന്നു. എന്നാൽ അതിന്റെ അർത്ഥം അന്നറിഞ്ഞില്ലെന്നും ഇപ്പോൾ മനസ്സിലാക്കിയെന്നും കാൻ ചാനൽ മീഡിയയോട് ടൊവിനോ പറഞ്ഞു.
‘ഉർവശി ചേച്ചി ഒരിക്കൽ പറഞ്ഞത് ഓർമയുണ്ട്. എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയുടെ ഷൂട്ട് ഒക്കെ കഴിഞ്ഞു പ്രൊമോഷന്റെ ടൈമിലാണ്. അതിന്റെ ഇടയ്ക്കാണ് പ്രളയമൊക്കെ ഉണ്ടാവുന്നത്. അപ്പോഴാണ് ആ പ്രശ്നങ്ങളൊക്കെ നടക്കുന്നത്.
അന്ന് ഉർവശി ചേച്ചി പറഞ്ഞത്, ആളുകൾക്ക് നല്ലത് ചെയ്യാൻ ഒരു അവസരം ലഭിക്കുകയെന്നത് ഒരു ഭാഗ്യമാണ്. അത് എല്ലാവർക്കും കിട്ടില്ല. അന്ന് ചേച്ചി പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായില്ല. ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ശരിയാണ്, നമുക്ക് ആർക്കെങ്കിലുമൊക്കെ നല്ലത് ചെയ്യണമെങ്കിൽ അവസരം കിട്ടണം.
അല്ലാതെ വെറുതെ ഓടി നടന്ന് ഞാൻ കുറച്ച് നല്ല കാര്യങ്ങൾ ചെയ്യട്ടെയെന്ന് പറഞ്ഞാൽ ചെയ്യാൻ കഴിയില്ല.
അങ്ങനെ അവസരങ്ങൾ വരുകയെന്നതുമൊരു ഭാഗ്യമാണ്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Tomas Talk About Urvashi