| Thursday, 12th September 2024, 7:27 pm

റിവ്യൂ പറഞ്ഞോട്ടെ, പക്ഷെ ഒരു കാര്യത്തോട് എതിരഭിപ്രായമുണ്ട്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജിതിൻ ലാലിന്റെ സംവിധാനത്തിൽ വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയൻ, കുഞ്ഞികേളു, മണിയൻ എന്ന മൂന്ന് കഥാപാത്രമായി ടൊവിനോ വേഷമിടുന്ന ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ത്രീ.ഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടുന്നത്.

സിനിമയെ കുറിച്ച് റിവ്യൂ പറയുന്നതിൽ തനിക്ക് കുഴപ്പമില്ലെന്നും എന്നാൽ ഒരു സിനിമയുടെ ട്രെയ്‌ലർ ഡീ കോഡ് ചെയ്ത് ഒരു കഥ പറയുന്നതിനോട് തനിക്ക് എതിരഭിപ്രായം ഉണ്ടെന്നും ടൊവി പറയുന്നു. ഫസ്റ്റ് ടീസർ ഇറങ്ങിയപ്പോൾ ഇത് ടൈം ട്രാവൽ മൂവിയാണെന്നെല്ലാം ട്രെയ്ലർ ഡീ കോഡിങ്ങിൽ ചിലർ പറഞ്ഞിരുന്നുവെന്നും ടൊവിനോ കാൻ ചാനൽ മീഡിയയോട് പറഞ്ഞു.

‘ഒറ്റ കാര്യത്തിലെ എനിക്ക് എതിരഭിപ്രായമുള്ളു. ട്രെയ്ലർ ഡീ കോഡിങ് ഉണ്ടല്ലോ, അതൊക്കെ ആളുകളെ സ്വാധീനിക്കുന്നത് മറ്റൊരു രീതിയിലാണ്. റിവ്യൂ പറയുന്നതൊക്കെ ആളുകളുടെ ഇഷ്ടം. സിനിമ കാണുന്ന എല്ലാവരും റിവ്യൂ പറയണമെന്ന് നിർബന്ധമില്ലല്ലോ.

പക്ഷെ ഡീകോഡിങ് എന്ന് പറയുമ്പോൾ നമ്മൾ ഉദ്ദേശിക്കാത്ത കഥകളൊക്കെയാണ് ചിലർ പറഞ്ഞുവെക്കുന്നത്. പിന്നെ ഇത് കണ്ടില്ലല്ലോ എന്ന് ആരെങ്കിലും പരാതി പറഞ്ഞാൽ അതിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല.

ഫസ്റ്റ് ടീസർ ഇറങ്ങിയ സമയത്ത്, ഇതെന്താ ടൈം ട്രാവലാണോ എന്നൊക്കെ ചോദിച്ചവരുണ്ട്. ഞങ്ങളുടെ സിനിമയിൽ ടൈം ട്രാവൽ ഇല്ല. ഇനി എന്ത് ചെയ്യും എന്നൊരു അവസ്ഥയിലായിരുന്നു. ഞങ്ങൾ പറയാതെ തന്നെ പുറത്തുള്ള ചിലർ, ഇത് ഇന്ന ദിവസം റിലീസാവും എന്ന് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അങ്ങനെ റിലീസ് ആവുന്നുണ്ടെങ്കിൽ ആദ്യം ഞങ്ങൾ പറയില്ലേ. പല തവണ റിലീസ് മാറ്റി വെച്ച സിനിമയാണ് ഇതെന്നൊക്കെ പറഞ്ഞവരുണ്ട്. അങ്ങനെയൊക്കെ കേൾക്കുമ്പോൾ സിനിമയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന് ആളുകൾ വിചാരിക്കാൻ സാധ്യതയുണ്ട്. അത് വേണമെങ്കിൽ ആളുകൾക്ക് ചെയ്യാതിരിക്കാവുന്നതാണ്,’ടൊവിനോ പറയുന്നു.

Content Highlight: Tovino Tomas Talk About Trailer  Decoding

We use cookies to give you the best possible experience. Learn more