| Sunday, 9th January 2022, 4:56 pm

ഇവിടെ ഒരു മിന്നല്‍ മതി, മേലാല്‍ ആവര്‍ത്തിക്കല്ല്; എം.വി.ഡിക്കൊപ്പം കൈകോര്‍ത്ത് മിന്നല്‍ മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോട്ടോര്‍ വാഹനവകുപ്പുമായി കൈകോര്‍ത്ത് മിന്നല്‍ മുരളി. മിന്നല്‍ പോലെ റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്നവര്‍ക്ക് താക്കീതുമായാണ് മോട്ടോര്‍ വാഹനവകുപ്പിനൊപ്പം മിന്നല്‍ മുരളിയും എത്തിയിരിക്കുന്നത്.

റോഡ് യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന വീഡിയോ ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അമിത വേഗതയില്‍ എത്തുന്ന യാത്രക്കാരെ തടഞ്ഞുനിര്‍ത്തി എം.വി.ഡി ഉദ്യോഗസ്ഥര്‍ ലൈവായി മിന്നല്‍ മുരളിയുടെ ഉപദേശം കേള്‍പ്പിക്കുന്നതാണ് വീഡിയോയില്‍.

ഇവിടെ ഒരു മിന്നല്‍ മുരളി മതിയെന്നും, മേലാല്‍ ആവര്‍ത്തിക്കരുതെന്നും, തന്റെ കഞ്ഞിയില്‍ പാറ്റ ഇടരുതെന്നുമാണ് എം.വി.ഡി കാണിച്ചു കൊടുക്കുന്ന ടാബില്‍ മിന്നല്‍ മുരളി ലൈവായി അമിത വേഗതയില്‍ എത്തിയവരോട് പറയുന്നത്. സിനിമയുടെ സ്വാധീനശേഷിയും ജനകീയതയും പരിഗണിച്ചുകൊണ്ടാണ് മിന്നല്‍ മുരളിയുടെ കൈകോര്‍ക്കാന്‍ എം.വി.ഡി രംഗത്തെത്തിയത്.

റിലീസിന് മുന്നേ തന്നെ മിന്നല്‍ മുരളിയുടെ കേരള പൊലീസ് വേര്‍ഷന്‍ ഇറങ്ങിയിരുന്നു. മിന്നല്‍ മുരളി എന്ന സിവില്‍ പൊലീസ് ഓഫീസറായിരുന്നു കേരള പൊലീസിന്റെ വേര്‍ഷനിലെ നായകന്‍. മോഷണം തടയുകയും, പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ പിടിക്കുകയും ഗുണ്ടകളെ ഒതുക്കുകയയും ചെയ്യുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇതില്‍ അവതരിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്തത്. ചിത്രത്തിനെ പുകഴ്ത്തി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രവും ഏറെ ചര്‍ച്ചയായിരുന്നു.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino thomas with motor vehicle department

We use cookies to give you the best possible experience. Learn more