പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് വന്ന ടൊവിനോ നായകനടനായി മുന്‍നിരയിലേക്ക് വന്നത് വളരെ പെട്ടന്നായിരുന്നു. ടൊവിനോയുടെ 50ാമത്തെ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതില്‍ ലാല്‍ സംവിധാനം ചെയ്ത് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ത്രീ.ഡിയില്‍ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററില്‍ നിന്ന് നേടുന്നത്.
കരിയറിന്റെ തുടക്കകാലം മുതല്‍ നിരവധി പുതുമുഖ സംവിധായകരോടൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് ടൊവിനോ. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെയും ആദ്യചിത്രമാണ്. ജിതിന്‍ ലാല്‍ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന്റെ മാനദണ്ഡം സൗഹൃദം മാത്രമല്ലെന്നും ജിതിന്റെ ടാലന്റ് ആണെന്നും ടൊവിനോ പറയുന്നു.
തന്റെ കരിയറില്‍ താന്‍ അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം സിനിമകളും പുതുമുഖ സംവിധായകരുടെ കൂടെ ആയിരുന്നെന്നും തന്നോട് കഥകള്‍ പറഞ്ഞതും തന്നെവെച്ച് സിനിമകള്‍ ആലോചിച്ചതും പുതുമുഖ സംവിധായകരായിരുന്നെനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ടാണ് താന്‍ കൂടുതലായും നവാഗത സംവിധായകരുടെ കൂടെ കൂടുതല്‍ സിനിമ ചെയ്തതെന്നും അതിലേറെയും നല്ല സിനിമകളായിരുന്നെന്നും ടൊവിനോ പറയുന്നു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2017ല്‍ തീരുമാനിച്ച ചിത്രമാണ് എ.ആര്‍.എം. ജിതിന്‍ലാല്‍ സുഹൃത്താണ്. എന്നാല്‍, സൗഹൃദത്തിലുപരി ജിതിന്റെ ടാലന്റ് തന്നെയാണ് ഈ ചിത്രം തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം. എന്റെ കരിയറില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളും പുതുമുഖ സംവിധായകര്‍ക്കൊപ്പമാണ്.
എന്നോടു കഥകള്‍ പറഞ്ഞതും എന്നെ വച്ച് ചിത്രങ്ങള്‍ ആലോചിച്ചതും പുതുമുഖങ്ങളായതിനാല്‍ സംഭവിച്ചതാണ്. അവയിലേറെയും നല്ല സിനിമകളായി എത്തിയിട്ടുണ്ട്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talks About Working with New Directors