ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖില്‍ പോള്‍ – അനസ് ഖാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ടൊവിനോ തോമസ് നായകനാകുന്ന ഈ സിനിമയില്‍ തെന്നിന്ത്യന്‍ നടി തൃഷയും നടന്‍ വിനയ് റായും പ്രധാനവേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ത്രില്ലര്‍ സസ്പെന്‍സ് ഴോണറില്‍ ഇറങ്ങുന്ന ഐഡന്റിറ്റി ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ്. താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ തിയേറ്ററില്‍ പോയി തൃഷയുടെയും വിനയ് റായ്‌യുടെയും സിനിമകള്‍ കുറേ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ തോമസ്.
തന്നെ കണ്ടാല്‍ ഏകദേശം അവരുടെ പ്രായമാണെന്ന് തോന്നുമെങ്കിലും താന്‍ വളരെ യങ്ങാണെന്നും നടന്‍ പറയുന്നു. ഐഡന്റിറ്റി സിനിമയുടെ ലോഞ്ചിങ്ങിനിടെ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്. താന്‍ സിനിമയില്‍ വന്നിട്ട് 12 വര്‍ഷമായെന്നും എങ്കിലും ഇപ്പോഴും ഓരോ തവണയും തന്നേക്കാള്‍ സീനിയറായ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റ് തോന്നാറുണ്ടെന്നും നടന്‍ പറഞ്ഞു.
‘ഈ സിനിമയിലെ എന്റെ രണ്ട് കോ ആക്ടേഴ്‌സാണ് വിനയ് സാറും തൃഷ മാമും. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ തിയേറ്ററില്‍ പോയിട്ട് ഇവരുടെയൊക്കെ സിനിമകള്‍ കുറേ കണ്ടിട്ടുണ്ട്. എന്നെ കണ്ടാല്‍ ഏകദേശം അവരുടെ പ്രായമാണെന്ന് തോന്നുമെങ്കിലും ഞാന്‍ വളരെ യങ്ങാണ് (ചിരി).
അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ തന്നെ ആലോചിക്കുകയായിരുന്നു, ഞാന്‍ പണ്ട് സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ കണ്ടിരുന്ന സിനിമകളിലെ ആളുകളുടെ കൂടെയാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. സോറി, സ്‌കൂളില്‍ അല്ല. അങ്ങനെ പറഞ്ഞാല്‍ വല്ലാതെ ഓവറായി പോകും (ചിരി). കോളേജില്‍ പഠിക്കുമ്പോള്‍ കണ്ട സിനിമകളിലെ ആളുകളാണ് അവര്‍.
ഞാന്‍ സിനിമയില്‍ വന്നിട്ട് 12 വര്‍ഷമായി. എങ്കിലും ഇപ്പോഴും എനിക്ക് ഓരോ തവണയും എന്നേക്കാള്‍ സീനിയര്‍ ആയ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റ് തോന്നാറുണ്ട്. ആ എക്‌സൈറ്റ്‌മെന്റ് ഈ സിനിമയിലും ഉണ്ടായിരുന്നു,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas Talks About Trisha, Vinay Rai And Identity Movie