| Thursday, 25th May 2023, 11:42 am

'രാജ്യത്തിന് മുമ്പിലേക്ക് ഒരു മലയാള സിനിമ എത്തിക്കുന്നത് ശ്രമകരം'; രാജമൗലിയുടെ പരാമര്‍ശങ്ങള്‍ക്ക് ടൊവിനോയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ കണ്ടന്റുകളെ പറ്റിയുള്ള നടന്‍ ടൊവിനോ തോമസിന്റെ വാക്കുകള്‍ വൈറലാവുന്നു. ബോളിവുഡ് സിനിമകള്‍ പ്രൊമോഷനായി ചെലവഴിക്കുന്ന തുകയെക്കാള്‍ ചെറുതാണ് ഒരു മലയാള സിനിമയുടെ ബജറ്റെന്നും അതുകൊണ്ട് തന്നെ ഓരോ താരങ്ങളും കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും ടൊവിനോ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ പരാമര്‍ശങ്ങള്‍.

മലയാള സിനിമയിലെ എഴുത്തുകാരോടും സംവിധായകരോടും അസൂയ ആണെന്ന് അടുത്തിട രാജമൗലി പറഞ്ഞിരുന്നു, മലയാള സിനിമയുടെ വളര്‍ച്ചയെ എങ്ങനെ കാണുന്നു എന്ന ഓഡിയന്‍സിനിടയില്‍ നിന്നും വന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ടൊവിനോ.

‘രാജ്യത്തിന്റെ മുമ്പിലേക്ക് ഒരു മലയാള സിനിമ എത്തിക്കുന്നത് ശ്രമകരമായ പണിയാണ്. ഒരു സിനിമക്ക് വേണ്ടി ജോലി ചെയ്യുമ്പോള്‍ അതിന്റെ ബജറ്റിനെക്കാള്‍ വളരെ ചെറിയ ശതമാനമാണ് ഞങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത്. ഞങ്ങള്‍ പാഷന് വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നത്, പണത്തിന് വേണ്ടിയല്ല.

ബോളിവുഡ് സിനിമയിലെ പ്രൊമോഷന് വേണ്ടിയുള്ള ബജറ്റിനെക്കാള്‍ ചെറുതായിരിക്കും മലയാളത്തിലെ ഒരു സിനിമയുടെ മുഴുവന്‍ ബജറ്റ്. അത് ഞങ്ങളെ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കും, സ്മാര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രേരിപ്പിക്കും. ഞങ്ങള്‍ ഓവര്‍ടൈം വര്‍ക്ക് ചെയ്യും. അങ്ങനെയാണ് ഈ സിനിമകള്‍ ഉണ്ടാകുന്നത്,’ ടൊവിനോ പറഞ്ഞു.

ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങിയ 2018 ആണ് ഒടുവില്‍ പുറത്ത് വന്ന ടൊവിനോയുടെ ചിത്രം. തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനവും പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഭാഗമായതിനെ പറ്റിയും ടൊവിനോ സംസാരിച്ചു.

‘സിനിമയില്‍ പ്രളയം കാണിക്കാന്‍ ഒരു ടെക്‌നിക് ഉണ്ടായിരുന്നു എന്നാണ് ജൂഡ് പറഞ്ഞത്. ആ ടെക്‌നിക്ക് എന്താണെന്ന് മാത്രം പറഞ്ഞിരുന്നില്ല. ബ്ലൂ പ്രിന്റ് പോലെ എന്തോ ഒന്ന് ജൂഡിന്റെ കയ്യിലുണ്ടായിരുന്നു. അത് ആരേയും കാണിച്ചിരുന്നില്ല. ഉപയോഗിക്കാന്‍ പോകുന്ന ടെക്‌നിക്ക് എന്താണെന്ന് പറഞ്ഞിരുന്നില്ലെങ്കിലും അത് പറയുമ്പോഴുള്ള ജൂഡിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു.

നീ ഈ സിനിമ ചെയ്തില്ലെങ്കില്‍ ഞാന്‍ ഇത് ചെയ്യില്ലെന്ന് ജൂഡ് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇമോഷണലി ബ്രോക്കണ്‍ ആയി(ചിരിക്കുന്നു). സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തുതന്നു, അത് വായിക്കാന്‍ തന്നു. സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ കരഞ്ഞു, ഒരു പ്രാവശ്യമല്ല, പല പ്രാവശ്യം. ഒരു കാരണവശാലും ഈ സിനിമ മിസ് ചെയ്യാന്‍ പാടില്ല എന്നുണ്ടായിരുന്നു,’ ടൊവിനോ പറഞ്ഞു.

Content Highlight: tovino thomas talks about the content driven malayalam movies

We use cookies to give you the best possible experience. Learn more