ബേസിലിനെ വെച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ലാഭമൊന്നും ഉണ്ടായില്ലെങ്കിലും നഷ്ടമുണ്ടാകാതിരുന്നാല്‍ മതി: ടൊവിനോ
Malayalam Cinema
ബേസിലിനെ വെച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ലാഭമൊന്നും ഉണ്ടായില്ലെങ്കിലും നഷ്ടമുണ്ടാകാതിരുന്നാല്‍ മതി: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 4:36 pm

ടൊവിനോ തോമസ് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് മരണമാസ്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ശിവപ്രസാദാണ്. നടന്‍ കൂടിയായ സിജു സണ്ണിയാണ് മരണമാസിന്റെ രചയിതാവ്.

മരണമാസ് സിനിമ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ. ബേസിലുമായി സിനിമ ചെയ്യുമ്പോള്‍ ഒരു കംഫര്‍ട്ട് ലെവലുണ്ടെന്നും ക്രിയേറ്റിവായി തനിക്ക് ഒന്നും ചെയ്യാനില്ലാതെ ലൊക്കേഷനില്‍ ചുമ്മാ ഇരിക്കാന്‍ ഇഷ്ടമാണെന്നും ടൊവിനോ പറയുന്നു.

നിര്‍മാതാവിന്റെ ടെന്‍ഷനൊന്നും തനിക്കവിടെ ഇല്ലെന്നും നഷ്ടമില്ലാതെ ഇരുന്നാല്‍ തന്നെ വളരെ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെ ഇതുവരെ വര്‍ക്ക് ചെയ്തവര്‍ തന്നയാണ് ഈ സിനിമയിലുള്ളതെന്നും ടൊവിനോ പറയുന്നു. റെഡ് എഫ്.എം മലയാളത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘ബേസിലിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അതിനകത്തൊരു കംഫേര്‍ട്ട് ലെവലുണ്ട്. ഞാന്‍ ലൊക്കേഷനില്‍ പോകുന്നത് നിര്‍മാതാവായിട്ടൊന്നും അല്ല. എനിക്ക് ലൊക്കേഷനില്‍ പോയിരിക്കാന്‍ വളരെ ഇഷ്ടമാണ്.

പ്രത്യേകിച്ച് എനിക്ക് ഷൂട്ടില്ലെങ്കില്‍ എനിക്കവിടെ കിടന്ന് തരികിട കളിക്കാം. ഞാന്‍ അവന്റെ കാരവനിലെല്ലാം പോയിരുന്ന് അവനെ ശല്യപ്പെടുത്തും. അപ്പോള്‍ അവന്‍ എനിക്ക് കാണിച്ച് തരും, ഞാന്‍ എങ്ങനെയാ ചെയ്യാന്‍ പോകുന്നതെന്ന് അറിയാമോ ദേ ഇങ്ങനൊരു സാധനമാണ് ഇട്ടേക്കുന്നെ എന്നെല്ലാം പറയും.

അങ്ങനെ ക്രിയേറ്റിവ് ആയിട്ടൊരു പ്രോസസ്സ് നടക്കുമ്പോള്‍ നമുക്കതില്‍ ഒന്നും ചെയ്യാനില്ലാതെ അതിന്റെ ഇടയിലൂടെ തേരാ പാരാ നടക്കുക എന്നൊക്കെ പറഞ്ഞാല്‍ നല്ല രസമുള്ള കാര്യമാണ്. അങ്ങനെയാണ് ഞാന്‍ അവിടെ പോകുന്നത്. അല്ലാതെ പ്രൊഡക്ഷന്‍ പരിപാടികളുടെ ടെന്‍ഷന്‍ ഒന്നും ഞാന്‍ എടുക്കാറില്ല. അതൊന്നും എനിക്ക് അറിയാനും പാടില്ല. അതിനൊക്കെ എന്റെ ചേട്ടനും മാനേജരും മറ്റ് ടീമെല്ലാം ഉണ്ട്. അവരാണ് അത് മുഴുവനും ചെയ്യുന്നത്.

ഇതിനകത്താണെങ്കില്‍ പ്രൊഡക്ഷന്‍ ചെയ്തിട്ട് അങ്ങനെ കുറെ പൈസ ഉണ്ടാകുക അങ്ങനെ ഒന്നും ചിന്തിക്കുന്ന, ബിസിനസ് അറിയുന്ന ആളല്ല ഞാന്‍. ഞാന്‍ നോക്കിയപ്പോള്‍ മരണമാസിന്റെ ഡയറക്ടര്‍ മിന്നല്‍ മുരളിയുടെ ഡയറക്ഷന്‍ ടീമിലുണ്ടായിരുന്ന ശിവനാണ്. ഇതിലെ ചീഫ് അസ്സോസിയേറ്റ് മിന്നല്‍ മുരളിയിലേം ചീഫ് അസ്സോസിയേറ്റ് ആയിട്ടുണ്ടായിരുന്ന ആളായിരുന്നു.

മരണമാസില്‍ വര്‍ക്ക് ചെയ്യുന്നവരെല്ലാം ഞാന്‍ മുമ്പും വര്‍ക്ക് ചെയ്തിട്ടുള്ളവരൊക്കെ തന്നെയാണ്. പിന്നെ ബേസില്‍, സുരേഷ് കൃഷ്ണ, സിജു സണ്ണി ഒക്കെയാണ് അഭിനയിക്കുന്നത്. അപ്പോള്‍ അവിടെ പോയിരുന്നു ചളിയൊക്കെ പറഞ്ഞിരിക്കാം പിന്നെ ഒരു നല്ലൊരു പടമാണത്. എല്ലാവരും കൂടെ ചേര്‍ന്ന് നല്ലൊരു ഫണ്‍ സിനിമ ചെയ്യാം അതിന്റെ കൂടെ ലാഭമൊന്നും ഉണ്ടായില്ലെങ്കിലും നഷ്ടമുണ്ടാകാതെ ഇരുന്നാല്‍ ഇരട്ടി സന്തോഷം,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talks About Shooting  Location Of Marana mass Movie And Basil Joseph