ഈ വര്‍ഷം തിയേറ്ററിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു ആടുജീവിതം. ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകന്‍. മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ബ്ലെസിയാണ് ഒരുക്കിയത്.
54ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ആടുജീവിതം മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച ഛായഗ്രാഹകന്‍ തുടങ്ങി ഒമ്പതോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹത്തിന് തന്നെ അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പുള്ള കാര്യമാണ്. ആ അവാര്‍ഡില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. കാരണം അത്രമാത്രം എഫേര്‍ട്ട് അദ്ദേഹം ആടുജീവിതത്തിനായി എടുത്തിട്ടുണ്ട്. ശരിക്കും ആ സിനിമക്കായി എടുക്കേണ്ടിയിരുന്ന എഫേര്‍ട്ടിന്റെ ഇരട്ടി എഫേര്‍ട്ട് അദ്ദേഹത്തിന് എടുക്കേണ്ടി വന്നിട്ടുണ്ട്.
കൊറോണയൊക്കെ ആയിരുന്നു അതിന് കാരണമായത്. അത്രയും ഭാരം കുറക്കുകയെന്ന് പറയുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാരം കുറക്കുക മാത്രമല്ല ചെയ്തത്, അത് വളരെ നന്നായി മെയിന്റെയിന്‍ ചെയ്തു. അത്തരത്തില്‍ അദ്ദേഹത്തിന് കുറേനാള്‍ മെയിന്റെയിന്‍ ചെയ്യേണ്ടി വന്നു.
കുറേ സമയമെടുത്താണ് ആ സിനിമ ഷൂട്ട് ചെയ്തത്. പക്ഷെ ആ സിനിമ കാണുമ്പോള്‍ നമുക്ക് അത് ഫീല് ചെയ്തിട്ടില്ല. അത്രയും സമയമെടുത്ത് ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ല. കാരണം അദ്ദേഹം അത്ര നന്നായി ബോഡിയൊക്കെ മെയിന്റെയിന്‍ ചെയ്തു.
പല സമയത്ത് ഷൂട്ട് ചെയ്തത് പോലെ തോന്നിച്ചില്ല. അതിന്റെ പിന്നില്‍ വലിയ എഫേര്‍ട്ടുണ്ട്. ആ അവാര്‍ഡ് അദ്ദേഹത്തിന് കൊടുത്തില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ട കാര്യമുള്ളൂ. അങ്ങനെയുള്ള ഒരു കഥാപാത്രവും അഭിനയവുമായിരുന്നു അദ്ദേഹത്തിന്റേത്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas Talks About Prithviraj Sukumaran And Aadujeevitham Movie