Entertainment
ആ നടന്റെ കോണ്‍ഫിഡന്‍സില്‍ പടം ചെയ്യാന്‍ ഞാന്‍ എല്ലാവരോടും പറയും: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 21, 02:51 pm
Saturday, 21st December 2024, 8:21 pm

മലയാള സിനിമ പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആദ്യഭാഗത്തേക്കാള്‍ വന്‍ ഹൈപ്പാണ് എമ്പുരാന് ലഭിക്കുന്നത്. പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ സംവിധാന മികവ് കണ്ട ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.

ചിത്രത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വലിയ താരനിര തന്നെ ഒന്നിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. എമ്പുരാന്‍ എന്ന ചിത്രത്തിന്റെ ടെസ്റ്റ് ഡോസ് മാത്രമാണ് ലൂസിഫര്‍ എന്ന് ടൊവിനോ പറയുന്നു.

പൃഥ്വിരാജിന്റെ കോണ്‍ഫിഡന്‍സില്‍ സിനിമ ചെയ്യണമെന്ന് താന്‍ കൂടെയുള്ളവരോട് പറയുമെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഓക്കേ പറഞ്ഞ ഷോട്ട് പിന്നീട് മോണിറ്ററില്‍ നോക്കി പൃഥ്വിരാജ് ഒന്നുകൂടി പരിശോധിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ലൂസിഫര്‍ സിനിമ ഒരു ടെസ്റ്റ് ഡോസ് ആയിട്ട് കരുതാന്‍ പാടുള്ളൂ. ഞാന്‍ ഇവരോടൊക്കെ പറയാറുണ്ട് പൃഥ്വിരാജിന്റെ ആ ഒരു കോണ്‍ഫിഡന്‍സില്‍ കട്ട് ഷോട്ട് എന്നെല്ലാം പറയാന്‍ കഴിയണം. അദ്ദേഹം ബ്രേക്കിന് വന്നിട്ട് ആ ഷോട്ട് എല്ലാം ഒന്നുകൂടെ നോക്കി കറക്റ്റ് അല്ലെ എന്നെല്ലാം ഉറപ്പുവരുത്തും എന്ന് ഞാന്‍ കരുതും.

എന്നാല്‍ പൃഥ്വിരാജ് ഒരു ഷോട്ട്, കട്ട് ഷോട്ട് ബ്രേക്ക് എന്ന് പറഞ്ഞാല്‍ അത് ഓക്കേ ആയിരിക്കും. രണ്ടാമത് ഒന്ന് നോക്കേണ്ട ആവശ്യം ഇല്ല. ഷൂട്ട് ചെയ്യുമ്പോള്‍ മോണിറ്ററില്‍ കണ്ടുകൊണ്ടുള്ള ആ കോണ്‍ഫിഡന്‍സില്‍ ഓക്കേ പറയും,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Prithviraj sukumaran