|

സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് തടയാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസായി എത്തിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ചതിനെതിരെ സംവിധായകന്‍ ജിതിന്‍ ലാല്‍ പ്രതികരണവുമായി വന്നിരുന്നു. ട്രെയിനില്‍ ഇരുന്ന് സിനിമ കാണുന്നയാളുടെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. തന്റെ ഒരു സുഹൃത്ത് അയച്ചു നല്‍കിയ വീഡിയോയാണ് ജിതിന്‍ ലാല്‍ പങ്കുവെച്ചത്. ഹൃദയഭേദകമാണ് ഈ ദൃശ്യങ്ങളെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഇപ്പോള്‍ തന്റെ സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയതിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തിയേറ്ററുകളിലുള്ള ഒരു സിനിമ എന്തുകാരണം കൊണ്ടാണ് ആളുകള്‍ മൊബൈലില്‍ കാണുന്നതെന്ന് തനിക്ക് അറിയില്ലെന്ന് നടന്‍ പറയുന്നു. നല്ലവരായ പ്രേക്ഷകര്‍ വ്യാജ പതിപ്പ് കാണില്ലെന്ന് തീരുമാനിക്കുക മാത്രമാണ് പൈറസി നിര്‍ത്താനുള്ള ഒരേയൊരു വഴിയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് പ്രൊഡ്യൂസര്‍ക്ക് ലാഭമുണ്ടാകുമോ ലാഭമുണ്ടാകാതെയിരിക്കുമോ എന്നതിന് അപ്പുറം നമ്മള്‍ പ്രോമിസ് ചെയ്തിട്ടുള്ള ഒരു ക്വാളിറ്റിയും ഔട്ട്പുട്ടുമുണ്ട്. അതിന് വേണ്ടിയാണല്ലോ നമ്മള്‍ ഇത്രയും കഷ്ടപ്പെട്ടിട്ടുള്ളത്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് നമ്മള്‍ ഇങ്ങനെയുള്ള ഔട്ട്പുട്ട് ഈ സിനിമക്ക് ഉണ്ടാക്കുന്നത്.

ഇഷ്ടം പോലെ തിയേറ്ററുകളിലുള്ള ഒരു സിനിമ എന്തുകാരണം കൊണ്ടാണ് മൊബൈലില്‍ കാണുന്നതെന്ന് എനിക്ക് അറിയില്ല. ഇതിനെ തടയിടാന്‍ പല രീതിയിലും ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. സിനിമക്ക് അകത്തുള്ളവരും ആന്റി പൈറസി കമ്പനികളും ശ്രമിച്ചതാണ്.

എന്റെ അഭിപ്രായത്തില്‍, അല്ലെങ്കില്‍ ഞാന്‍ മനസിലാക്കിയിടത്തോളം പൈറസി നിര്‍ത്താന്‍ ഒരേയൊരു വഴി മാത്രമേയുള്ളു. അത് നല്ലവരായ പ്രേക്ഷകര്‍ പൈറേറ്റഡ് കോപ്പി കാണില്ലെന്ന് തീരുമാനിക്കുക എന്നത് മാത്രമാണ്. ഇത് ഒരു കുലുക്കമോ ഇളക്കമോയില്ലാത്ത പ്രിന്റാണ്.

അത് അങ്ങനെ ഏതെങ്കിലുമൊരു തിയേറ്ററില്‍ നിന്ന് അവരുടെ അറിവോ സമ്മതമോയില്ലാതെ ഷൂട്ട് ചെയ്യാന്‍ പറ്റുമോ. നിങ്ങളെ കൊണ്ട് മൊബൈല്‍ ക്യാമറയില്‍ ഒരു ഫുള്‍ സിനിമ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുമോ. അതിന് പിന്നില്‍ വേറെ എന്തെങ്കിലുമൊക്കെയുണ്ടാകും. എനിക്ക് കൃത്യമായി അറിയില്ല,’ ടൊവിനോ തോമസ് പറഞ്ഞു.

മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം നടന്‍ ടൊവിനോ തോമസിന്റെ പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രമാണ് എ.ആര്‍.എം. എന്ന അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തിയത്. ത്രീ.ഡിയില്‍ റിലീസായ ചിത്രത്തിന് തിയേറ്റര്‍ റിലീസിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Tovino Thomas Talks About Piracy Of Cinema And Ajayante Randam Moshanam