ലോഡ്ജിന്റെ ജനലിലൂടെ മൂത്രമൊഴിക്കുന്ന നായകനെ നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ കഴിയില്ല, ഈ സിനിമയിലല്ലാതെ: ടോവിനോ തോമസ്
Entertainment news
ലോഡ്ജിന്റെ ജനലിലൂടെ മൂത്രമൊഴിക്കുന്ന നായകനെ നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ കഴിയില്ല, ഈ സിനിമയിലല്ലാതെ: ടോവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 12:38 pm

മായാനദിയെന്ന സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് സീനേതാണെന്ന് പറയുകയാണ് നടന്‍ ടോവിനോ തോമസ്. ടോവിനോ അവതരിപ്പിച്ച മാത്തന്‍ എന്ന കഥാത്രവും ഐശ്വര്യ ലക്ഷ്മിയുടെ അപര്‍ണയും തമ്മിലുള്ള സംഭാഷണ രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമെന്ന് ടോവിനോ പറഞ്ഞു. അപ്പു എന്ന കഥാപാത്രം ആട്ടിപായിക്കുമ്പോഴും അയാള്‍ വീണ്ടും തിരികെ വരുന്നത് സിനിമയില്‍ പറയുന്നത് പോലെ പൂച്ചയുടെ ജന്മമായത് കൊണ്ടാണെന്നും താരം പറഞ്ഞു.

മായാനദിയില്‍ ദര്‍ശനയും ലിയോണയും ഐശ്വര്യയും തമ്മില്‍ വൈനൊക്കെ കുടിച്ച് സംസാരിക്കുന്ന സീനും തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ടോവിനോ പറഞ്ഞു. ആ സീനില്‍ ദര്‍ശന പാടുന്ന പാട്ടിനെ കുറിച്ചും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മായാനദിയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍ ഏതാണെന്ന് ചോദിച്ചാല്‍ ഒരു സീന്‍ മാത്രമായി പറയാന്‍ കഴിയില്ല. സിനിമയുടെ ഒരു പ്രത്യേക ഏരിയ എനിക്ക് ഇഷ്ടമാണ്. എന്നോട് ഒരു തരി ഇഷ്ടംപോലും തോന്നുന്നില്ലേയെന്ന് മാത്തന്‍ ചോദിക്കുന്നതും അവിടെ നിന്ന് ആട്ടിപായിച്ച് വിടുന്നതും, എന്നാല്‍ ഞാന്‍ പോയിട്ട് നാളെ വരാം എന്നും പറഞ്ഞ് മാത്തന്‍ പോകുന്ന ആ ഭാഗമാണ് എനിക്ക് ഇഷ്ടം.

സിനിമയില്‍ പറയുന്നത് പോലെ ഒരു പൂച്ചയുടെ സ്വഭാവമാണ് മാത്തന്. ആട്ടിപായിച്ച് വിടുമ്പോഴും ഒരു പൂച്ചയെ പോലെ തിരികെ വരും. എത്ര കൊണ്ട് കളഞ്ഞാലും തിരികെ വരുന്നതാണല്ലോ പൂച്ച. സിനിമയിലെ ആ പോഷന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ തന്നെ ഭയങ്കര ഇഷ്ടമുള്ള മറ്റൊരു പോര്‍ഷനും സിനിമയിലുണ്ട്.

ദര്‍ശനയും, ലിയോണയും, ഐശ്വര്യയും കൂടിയിരുന്ന് വര്‍ത്തമാനം പറയുന്ന ഒരു സീനുണ്ടല്ലോ മായാനദിയില്‍. ആ വൈന്‍ ബോട്ടില്‍ സ്‌ക്രൂഡ്രൈവര്‍ വെച്ച് പൊട്ടിക്കുന്ന സീനൊക്കെ നല്ല ഭംഗിയാണ്. അതിന്റെയൊപ്പം ദര്‍ശനയുടെ പാട്ടും മനോഹരമാണ്. അത് കഴിയുമ്പോഴാണ് ഐശ്വര്യുടെ കഥാപാത്രം മാത്തനെ കുറിച്ച് പറയുന്നത്.

ഒരു പൂച്ചയെ പോലെയാണ് മാത്തന്‍ അവനൊരു കുട്ടിയാണ് എന്നൊക്കെയാണ് അപ്പു പറയുന്നത്. സിനിമയിലെ നായകന്‍ ഒരിക്കലും ചെയ്യുന്ന കാര്യമല്ല ലോഡ്ജിലെ ജനലില്‍കൂടി മൂത്രമൊഴിക്കുന്നത്. എന്നാല്‍ മായാനദിയില്‍ മാത്തന്‍ അതും ചെയ്യുന്നുണ്ട്. അവന്‍ ലോഡ്ജിന്റെ ജനലിലൂടെ മൂത്രമൊഴിക്കുമ്പോഴാണ് അപ്പു പറയുന്നത്, അവന്‍ കുട്ടിയാണ് വിശ്വസിക്കാറായിട്ടില്ലായെന്ന്. ആ വാക്കിനെ തെളിയിക്കുന്ന രീതിയിലാണ് സിനിമയില്‍ ആ സീന്‍ കാണിക്കുന്നത്,’ ടോവിനോ പറഞ്ഞു.

content highlight: tovino thomas talks about mayanadhi movie