മിന്നല്‍ മുരളി എന്റെ ഏറ്റവും വലിയ സിനിമ; പക്ഷെ എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചത് മറ്റൊന്നിലൂടെ: ടൊവിനോ
Entertainment
മിന്നല്‍ മുരളി എന്റെ ഏറ്റവും വലിയ സിനിമ; പക്ഷെ എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചത് മറ്റൊന്നിലൂടെ: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th June 2024, 3:58 pm

തന്റെ കരിയറിലെ മികച്ച സിനിമകളെ കുറിച്ച് പറയുകയാണ് ടൊവിനോ തോമസ്. സിനിമകള്‍ എല്ലാകാലത്തേക്കും ഇവിടെ അവശേഷിക്കുമെന്നും കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ ചിലത് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടടപെടുമെന്നും താരം പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ഡിയര്‍ ഫ്രണ്ട് എന്ന സിനിമ തനിക്ക് ഒരുതരം സാറ്റിസ്ഫാക്ഷന്‍ തന്ന സിനിമയാണെന്നും ആ സിനിമ ഒരിക്കലും മാഞ്ഞുപോകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നല്ല പാട്ടുകളുടെ ഭാഗമാകാന്‍ എനിക്ക് പലപ്പോഴും കഴിയാറുണ്ട്. എന്റെ ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കാണാത്ത ആളുകള്‍ ഈ പാട്ടുകള്‍ കേള്‍ക്കുന്നുമുണ്ട്. ഒരു ദിവസം ഏതോ ഒരാള്‍ അയാള്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്നും പക്ഷേ എന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്നും എന്നോട് പറഞ്ഞു. തല്ലുമാല സിനിമയില്‍ എനിക്ക് ശരീരത്തിന് വേദനിക്കുന്ന അടിയും ഇടിയുമൊക്കെ ഒരുപാട് കിട്ടിയിട്ടുണ്ട്. ആ വേദനയൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറും. എന്നാല്‍ നമ്മള്‍ ചെയ്തു വെച്ച സിനിമകള്‍ എല്ലാകാലത്തേക്കും അവിടെ തന്നെ കാണും.

എനിക്ക് ഡിയര്‍ ഫ്രണ്ട് എന്ന സിനിമ ഒരുതരം സാറ്റിസ്ഫാക്ഷന്‍ തന്നതാണ്. ആ സിനിമ ഒരിക്കലും മാഞ്ഞുപോകില്ല. അത് അവിടെ തന്നെയുണ്ടാകും. ചിലപ്പോള്‍ കുറേകാലം കഴിഞ്ഞ് ആ സിനിമ കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടടപെട്ടേക്കാം. എനിക്ക് മറ്റൊരുതരത്തിലുള്ള വിസിബിലിറ്റി തന്നത് മിന്നല്‍ മുരളിയാണ്. എന്നെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും ആ സിനിമയില്‍. ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. മിന്നല്‍ മുരളി എന്റെ ഏറ്റവും വലിയ സിനിമയാണെന്ന് പറയാം.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

ബഡ്ജറ്റ് കൊണ്ടല്ല അതിനെ ഞാന്‍ വലുതെന്ന് പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണ് മിന്നല്‍ മുരളി. പക്ഷെ എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ സിനിമ മായാനദിയാണ്. ഇപ്പോഴും ആ സിനിമ കണ്ട ശേഷം എന്നെ മാത്തനെന്ന് വിളിക്കുന്ന ആളുകളുണ്ട്. മായാനദിയിലെ മാത്തന്‍ കുറെ ആളുകളുടെ പ്രതീകമാണ്. ഞാനൊരിക്കലും വളരെ മെച്ചുവേര്‍ഡായോ സീരിയസായോ സംസാരിക്കാന്‍ ഇഷ്ടടമുള്ള ആളല്ല. അതുകൊണ്ട് മാത്തനെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റും,’ ടൊവിനോ തോമസ് പറഞ്ഞു.


Content Highlight: Tovino Thomas Talks About Mayanadhi