ഞാന്‍ മമ്മൂക്കയെ കോപ്പിയടിച്ചതാണ്; മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇത്തരത്തില്‍ ചെയ്യുന്നവരാണ്: ടൊവിനോ തോമസ്
Film News
ഞാന്‍ മമ്മൂക്കയെ കോപ്പിയടിച്ചതാണ്; മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇത്തരത്തില്‍ ചെയ്യുന്നവരാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 8:35 am

ടൊവിനോ തോമസ് നായകനാവുന്ന പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. സിനിമയുടെ ട്രെയ്ലര്‍ ഈയടുത്തായിരുന്നു പുറത്തു വന്നത്. ചിത്രം എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (POFF) മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക ചാനലിലൂടെയായിരുന്നു ട്രെയ്ലര്‍ പുറത്ത് വിട്ടിരുന്നത്. ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ ടൊവിനോ തോമസ് ചിത്രത്തിനുണ്ട്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് ടൊവിനോ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. കൃത്യമായി കൊമേഷ്യല്‍ അല്ലെങ്കില്‍ കണ്ടന്റ് ഓറിയന്റ്ഡ് ബാലന്‍സിങ്ങ് ഇപ്പോള്‍ ടൊവിനോയുടെ സിനിമകള്‍ക്ക് കാണുന്നുണ്ട്.

അജയന്റെ രണ്ടാം മോഷണം സിനിമ വരുമ്പോള്‍ തന്നെ താരം എമ്പുരാനിന്റെ ഭാഗമാകുന്നു. ഇപ്പുറത്ത് വഴക്കും അദൃശ്യ ജാലകവും പോലെയുള്ള സിനിമകള്‍ വരുന്നു. ഒരു സമയത്ത് മമ്മൂട്ടിയൊക്കെ ചെയ്ത കാര്യമായിരുന്നു ഇത്. ഇപ്പോള്‍ തന്നെ മമ്മൂട്ടിയുടെ കാതലും ബസൂക്കയും ഒരുമിച്ച് വരുന്നത് പോലെ.

ഇത് കൃത്യമായ ബാലന്‍സിങ്ങ് കരിയര്‍ പ്ലാനാണോ, അതോ സംഭവിച്ചതാണോ എന്നതായിരുന്നു ടൊവിനോയോട് ചോദിച്ച ചോദ്യം. അതിന് ടൊവിനോ പറഞ്ഞ മറുപടി താന്‍ മമ്മൂട്ടിയെ കോപ്പിയടിച്ചതാണ് എന്നാണ്.

‘സെയിം പരിപാടിയാണ് ഇത്. ഞാന്‍ മമ്മൂക്കയെ കോപ്പിയടിച്ചതാണ് (ചിരി). ഞാന്‍ രണ്ടുതരം സിനിമകള്‍ക്കും ഓപ്പണാണ്. അതുകൊണ്ട് സംഭവിക്കുന്നതാണ്. കൊമേഷ്യല്‍ സിനിമകളെയും കണ്ടന്റ് ഓറിയന്റ്ഡ് സിനിമകളെയും ഞാന്‍ വളരെ ഓപ്പണായാണ് സമീപിക്കുന്നത്.

ഇതുപോലെ എത്രനല്ല സിനിമകള്‍ വരുന്നോ അതിനനുസരിച്ച് രണ്ടുതരം സിനിമകളിലും ചെയ്യും. എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ വന്നാല്‍ എന്തായാലും ചെയ്യും.

പിന്നെ ഞാനല്ല ഇങ്ങനെ ആദ്യമായിട്ട് ചെയ്യുന്നത്. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇത്തരത്തില്‍ ചെയ്യുന്നവരാണ്. ഇവിടെ ഉള്ള ടോപ്പ് ആക്ടേഴ്‌സൊക്കെ അങ്ങനെ സിനിമ ചെയ്യുന്നവരാണ്. എല്ലാവരും അത്തരത്തില്‍ ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന തരത്തിലേക്ക് അവരൊക്കെ എത്തിയിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കഴിയുന്നത് അവരുടെ പാത പിന്തുടരുകയെന്നതാണ്. നമ്മുടെ സീനിയേഴ്‌സിന്റെ പാത പിന്തുടരുന്നതാണ് ഏറ്റവും സേഫസ്റ്റ് ഓപ്ക്ഷന്‍. ഞാനും അതുതന്നെയാണ് ചെയ്യുന്നത്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas Talks About Mammootty And Mohanlal