ടൊവിനോ തോമസിനെ നായകനാക്കി 2022ല്‍ എത്തിയ ചിത്രമാണ് തല്ലുമാല. അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ഖാലിദ് റഹ്‌മാനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വ്യത്യസ്തമായ മേക്കിങ് കൊണ്ട് ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി മാറാന്‍ ഖാലിദ് റഹ്‌മാന് സാധിച്ചിരുന്നു.
തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് വരെ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വ്യത്യസ്ത ഴോണറുകളില്‍ സിനിമകള്‍ ചെയ്ത് മലയാളത്തിലെ പ്രോമിസിങ് സംവിധായകരിലൊരാളായി മാറാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.
തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ബോക്സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് നസ്‌ലെന്‍, ലുക്ക്മാന്‍, ഗണപതി എന്നിവരാണ്.
തന്റെ നടികര്‍ സിനിമയുടെ സമയത്താണ് ഖാലിദ് റഹ്‌മാന്റെ പുതിയ സിനിമയെ പറ്റി അറിയുന്നതെന്നും അന്ന് നടന്‍ ഗണപതിയെ കണ്ടപ്പോള്‍ പുതിയതായി തല്ലുകൊള്ളാന്‍ വന്ന ആളാണല്ലേ എന്നായിരുന്നു ചോദിച്ചതെന്നും പറയുകയാണ് ടൊവിനോ തോമസ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘നടികറിന്റെ സെറ്റില്‍ വെച്ചായിരുന്നു ഖാലിദ് റഹ്‌മാന്‍ പുതിയ സിനിമയെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത്. അതില്‍ ലുക്മാനും നസ്‌ലെനും ഗണപതിയുമൊക്കെ അഭിനയിക്കുന്നുണ്ടെന്നും അറിഞ്ഞിരുന്നു. തല്ലുമാലയുടെ വര്‍ക്കിങ് സ്‌റ്റൈലില്‍ നിന്നും വ്യത്യസ്തമാണ് റഹ്‌മാന്‍ ചെയ്യാന്‍ പോകുന്ന ആ സിനിമ.
പ്രത്യേകിച്ചും അതൊരു ബോക്സിങ് പടമാണ്. അപ്പോള്‍ സാധാരണ ഇടിപടം പോലെയാവില്ലല്ലോ. സാധാരണ ലോക്കല്‍ ഇടിപടമായ തല്ലുമാല ചെയ്ത സമയത്ത് എന്റെയൊക്കെ അവസ്ഥ എങ്ങനെയായിരുന്നുവെന്ന് അറിയാമല്ലോ.
അങ്ങനെയുള്ളപ്പോള്‍ പിന്നെ ഖാലിദ് റഹ്‌മാന്‍ ഒരു ബോക്സിങ് സിനിമ ചെയ്യുമ്പോള്‍ എന്താകുമെന്നായിരുന്നു ഞാന്‍ ആലോചിച്ചത്. നടികറിന്റെ സമയത്ത് ഗണപതിയെ കണ്ടപ്പോള്‍ ഞാന്‍ അവനോട് ഒരു കാര്യം ചോദിച്ചു.
പുതിയതായി തല്ലുകൊള്ളാന്‍ വന്ന ആളാണല്ലേ എന്നായിരുന്നു ചോദിച്ചത് (ചിരി). ആ സിനിമയുടെ ഭാഗമായി ലുക്മാനും നസ്‌ലെനും ഗണപതിയും ബോക്സിങ് പഠിക്കാന്‍ പോകുന്നുണ്ടെന്ന് അവനില്‍ നിന്ന് അറിഞ്ഞു. എന്തായാലും അവര്‍ നല്ലവണ്ണം വര്‍ക്ക് ചെയ്യുന്നുണ്ട്,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Khalid Rahman And Ganapathi