മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. നിരവധി ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ടൊവിനോ.
2018 സിനിമയുടെ കഥ കേട്ട് കഴിഞ്ഞയുടനെ ആദ്യം തന്നെ താന്‍ ഈ പടം ചെയ്യുന്നില്ലെന്നാണ് മറുപടി പറഞ്ഞതെന്നും, താന്‍ ഈ സിനിമ ചെയ്യുന്നില്ലെങ്കില്‍ സംവിധായകന്‍ ജൂഡ് ആന്റണിയും ചെയ്യുന്നില്ല എന്ന് പറഞ്ഞുകേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും പറയുകയാണ് ടൊവിനോ തോമസ്. 2018 സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.
തനിക്കാണ് ഈ സിനിമ വരുന്നത് എന്ന് കേട്ടപ്പോള്‍ എന്തായിരുന്നു ഫീല്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. 2018 സിനിമയിലുണ്ടായ വിശേഷങ്ങളും ആ ചിത്രത്തില്‍ ഉപയോഗിച്ച ടെക്നിക്കുകളെ പറ്റിയും ഐ ആം വിത്ത് ധന്യ വര്‍മയോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് ടൊവിനോ.
‘ഞാന്‍ ആദ്യം ജൂഡ് ഏട്ടന്റെ അടുത്ത് പറഞ്ഞത്, ഞാനില്ല ഏട്ടാ നിങ്ങള്‍ ആരെയെങ്കിലും വെച്ച് പടം ചെയ്തോ എന്നാണ്. ഞാന്‍ ആദ്യമായി കഥ കേട്ടപ്പോള്‍ ജൂഡേട്ടന്റെ അടുത്ത് പറഞ്ഞ മറുപടി. പക്ഷേ അദ്ദേഹം എന്റെ അടുത്ത് പറഞ്ഞു, നീ ഇല്ലെങ്കിന്‍ ഞാനും ഈ പടം ചെയ്യുന്നില്ലെന്ന്. അപ്പോള്‍ എനിക്ക് തോന്നി അങ്ങനെയൊക്കെ നമ്മളെ പറ്റി ചിന്തിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണല്ലോ. പിന്നെ പുള്ളി എന്റെ അടുത്ത് പറഞ്ഞു എടാ ഇതൊരു പ്രൊപ്പഗാണ്ടായോ അല്ലെങ്കില്‍ ആരെയെങ്കിലും പാട്രോണൈസ് ചെയ്യുന്ന സിനിമയല്ല.
പുള്ളി സിനിമയില്‍ ‘ടെക്നിക്ക് ഉണ്ട്, ടെക്നിക്ക് ഉണ്ട്’ എന്ന് പറയുന്നുണ്ടായിരുന്നു. ആ ടെക്നിക്ക് എന്താണന്നു വെച്ചാല്‍ ഒരു വലിയ പറമ്പില്‍ മതില്‍ കെട്ടി അതിനകത്ത് വീടുകളുടെ സെറ്റ് ഇറക്കിവെച്ച്, അടുത്തുള്ള പുഴയില്‍ നിന്ന് ഒരു കോടി ലിറ്റര്‍ അങ്ങനെ എത്രയോ വെള്ളം പമ്പ് ചെയ്തായിരുന്നു ഷൂട്ട് ചെയ്തത്,’ ടൊവിനൊ പറഞ്ഞു.
2018 സിനിമ ഒരിക്കലും പ്രളയം ഉണ്ടായിരുന്നപ്പോഴുണ്ടായ കാര്യങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ ആയിരുന്നില്ലെന്നും, അതൊക്കെ നമ്മള്‍ അതിജീവിച്ചു എന്നുള്ളതിന്റെ ഓര്‍മപ്പെടുത്താലായിരുന്നെന്നും താരം വ്യക്തമാക്കി. നമ്മുടെ കഴിവ് കൊണ്ടല്ല പ്രളയം മാറിപ്പോയതെന്നും പക്ഷേ നമ്മള്‍ പ്രളയം മാറുന്നത് വരെ ജീവനോടെ ഉണ്ടായിരുന്നു എന്നതാണ് നമ്മുടെ വിജയമെന്നും ടൊവിനോ കൂട്ടിചേര്‍ത്തു.
Content Highlight: Tovino Thomas Talks About Jude Anthony And 2018 Movie