| Monday, 4th November 2024, 5:11 pm

തൃശ്ശൂര്‍ ഭാഷയെ കൂടുതല്‍ പോപ്പുലറാക്കിയത് ആ നടനാണ്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു.

കരിയറിന്റെ തുടക്കത്തില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് തൃശ്ശൂര്‍ സ്ലാങ് ഉണ്ടായിരുന്നെന്ന് പറയുകയാണ് ടൊവിനോ. ഏത് സ്ഥലത്തുനിന്നുള്ള കഥാപാത്രമാണെങ്കിലും തന്റെ സംസാരത്തില്‍ തൃശ്ശൂര്‍ സ്ലാങ് കയറിവരുമെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍ ആ സ്ലാങ്ങിനെ കൂടുതല്‍ പോപ്പുലറാക്കിയത് അന്തരിച്ച നടന്‍ ഇന്നസെന്റാണെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പറയുന്നത് പ്രോപ്പറായിട്ടുള്ള തൃശ്ശൂര്‍ സ്ലാങ്ങല്ലെന്നും ഇരിങ്ങാലക്കുട ഭാഗത്തെ സ്ലാങ്ങാണെന്നും ടൊവിനോ പറഞ്ഞു.

തന്റെ നാട്ടില്‍ പലരും സംസാരിക്കുന്ന രീതിയാണ് ഇന്നസെന്റിന്റെയെന്നും അതെല്ലാം ആദ്യമായി സിനിമയില്‍ കേട്ടത് അദ്ദേഹത്തിലൂടെയാണെന്നും ടൊവിനോ പറഞ്ഞു. തങ്ങള്‍ പരസ്പരം സംസാരിക്കുന്ന ഏത് രീതി സിനിമയില്‍ കേട്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നെന്നും ടൊവിനോ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘കരിയറിന്റെ തുടക്കത്തില്‍ എന്റെ എല്ലാ ക്യാരക്ടേഴ്‌സിനും തൃശ്ശൂര്‍ സ്ലാങ് കേറിവരുമായിരുന്നു. ഏത് സ്ഥലത്തുനിന്നുള്ള കഥാപാത്രമായാലും ആ സ്ലാങ്ങിലേ ഞാന്‍ സംസാരിക്കൂ. ഒരു ടൈം ആയപ്പോള്‍ ആളുകള്‍ ആ കാര്യം നോട്ട് ചെയ്യാന്‍ തുടങ്ങി. അത് എനിക്ക് പ്രഷര്‍ തന്നു. ഇപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ ആള്‍ക്കാര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പണ്ടൊന്നും ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും വലിയ എക്‌സാമ്പിളാണ് ഇന്നസെന്റ് ചേട്ടന്‍.

പുള്ളീടെ എല്ലാ സിനിമയിലും തൃശ്ശൂര്‍ സ്ലാങ്ങാണ് സംസാരിക്കുന്നത്. എവിടെ നടക്കുന്ന കഥയായാലും പുള്ളി ആ ഒരു മീറ്ററില്‍ മാത്രമേ സംസാരിക്കുള്ളൂ. ആ സ്ലാങ്ങിനെ കൂടുതല്‍ പോപ്പുലറാക്കിയത് ഇന്നസെന്റേട്ടനാണ്. പക്ഷേ അത് പ്രോപ്പര്‍ തൃശ്ശൂര്‍ സ്ലാങ്ങല്ല. ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ ഭാഗത്ത് സംസാരിക്കുന്ന രീതിയാണ്. നമ്മളൊക്കെ സ്ഥിരം സംസാരിക്കുന്ന രീതി ടി.വിയിലൊക്കെ ആദ്യം കണ്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas talks about Innocent

We use cookies to give you the best possible experience. Learn more