സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിച്ച തുടക്കകാലങ്ങളില്‍ ആളുകള്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് പങ്കാളിയായ ലിഡിയക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്ന് പറയുകയാണ് ടൊവിനോ തോമസ്. ഫോട്ടോയെടുക്കാന്‍ വരുന്നവര്‍ ലിഡിയയെ തിരിച്ചറിയാതെ തള്ളി മാറ്റുമെന്നും താനത് കണ്ടിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.
ഫോട്ടോ എടുക്കുന്നവര്‍ സ്‌നേഹം കൊണ്ട് വരുന്നതാണെന്നും എന്നാല്‍ ലിഡിയ അര്‍ഹിക്കുന്ന കാര്യങ്ങള്‍ കൊടുക്കാനായില്ലെങ്കില്‍ അത് പ്രശ്‌നമാണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.
‘ഞാന്‍ സ്റ്റാറായി കഴിഞ്ഞതിന് ശേഷവും ലിഡിയയുടെ വ്യക്തിത്വത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ വേറെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരു മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ തിരക്കുള്ള സ്ഥലത്തോ ഷോപ്പിങ്ങിനോ പോവുകയാണെങ്കില്‍ ആളുകള്‍ ചുറ്റും കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്യും. അവര്‍ അപ്പോള്‍ ലിഡിയയെ തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. ആളുകള്‍ വന്ന് ഫോട്ടോയെടുക്കുമ്പോള്‍ ആ കൂട്ടത്തില്‍ നിന്നും ലിഡിയയെ തള്ളി പുറത്തേക്കാക്കും. അങ്ങനെ പോവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഫോട്ടോ എടുക്കുന്നവര്‍ സ്‌നേഹം കൊണ്ട് വരുന്നതാണ്. പക്ഷേ ലിഡിയ അര്‍ഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ പരിഗണനയും സമയവും എനിക്ക് കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് പ്രശ്‌നമാണ്. അതുകൊണ്ട് ഇവള്‍ ഷോപ്പിങ്ങിന് പോവുകയാണെങ്കില്‍ എന്നെ കൊണ്ടുപോകില്ല,’ ടൊവിനോ പറഞ്ഞു.
2018 ആണ് ഒടുവില്‍ പുറത്ത് വന്ന ടൊവിനോയുടെ ചിത്രം. 2018 പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്. വമ്പന്‍ തിയേറ്റര്‍ കളക്ഷനൊപ്പം നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, ലാല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അജയന്റെ രണ്ടാം മോഷണമാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോയുടെ അടുത്ത ചിത്രം.
നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍.
Content Highlight: TOVINO THOMAS TALKS ABOUT HIS PARTNER LIDIYA