| Thursday, 5th September 2024, 9:23 am

എല്ലാ കഴിവും തെളിഞ്ഞ ആളാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, പക്ഷെ ഞാന്‍ എടുക്കുന്ന പണി അവര്‍ എടുക്കുന്നുണ്ടാകില്ല: ടോവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഗ്രഹംകൊണ്ടും കഠിനപ്രയത്‌നം കൊണ്ടും സിനിമയിലേക്ക് വന്ന ആളാണ് ടോവിനോ തോമസ്. അസിസ്റ്റന്റ് ഡയറക്റ്ററായിട്ടാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് ടൊവിനോ തന്റെ അഭിനയജീവിതം ആരംഭിച്ചത്.

സഹതാരമായി സിനിമയിലേക്ക് വന്ന ടോവിനോ ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള മലയാള നടനാണ്. അദ്ദേഹത്തിന്റെ കരിയറിലെ അമ്പതാമത് ചിത്രമായ അജയന്റെ രണ്ടാം മോഷണം റിലീസിനൊരുങ്ങുകയാണ്. മൂന്ന് കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ എത്തുന്നത്.

കരിയറില്‍ വിജയിച്ച് നില്‍ക്കുന്ന ടോവിനോ എന്നാല്‍ വന്ന വഴി മറക്കുന്നില്ല. തന്റെ കൂടെ വന്നവരില്‍ പലരും നില്‍ക്കുന്ന സാഹചര്യത്തിലല്ല താന്‍ ഇന്ന് നില്‍ക്കുന്നതെന്നും കിട്ടിയ സ്ഥാനത്തിന് താന്‍ വളരെയേറെ വില കൊടുക്കുന്നുണ്ടെന്നും ടോവിനോ പറയുന്നു.

തന്നെക്കാള്‍ കഴിവുള്ളവര്‍ എന്തായാലും ഉണ്ടാകുമെന്നും എന്നാല്‍ താന്‍ ചെയ്യുന്ന ജോലി അവര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യം പറയുന്നത്.

‘എന്റെ കൂടെ അതെ സ്വപ്നം കണ്ട, എന്റെ കൂടെ ഓഡിഷനുകള്‍ക്ക് ഉണ്ടായിരുന്ന പലരും ഞാന്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ ആയിരിക്കില്ല നില്‍ക്കുന്നത്. എനിക്കതറിയാം, ഇതെനിക്ക് കിട്ടിയതിന് ഞാന്‍ വളരെയേറെ വില കൊടുക്കുന്നുണ്ട്.

ആ വാല്യൂ കൊടുക്കുന്നത് കൊണ്ട് തന്നെ, എന്റെ സ്വപ്നത്തിന് എന്താണോ വേണ്ടത് അത് ഞാന്‍ കൊടുക്കാന്‍ ശ്രമിക്കും. എന്റെ കഴിവിന്റെ പരമാവധിയില്‍ നിന്ന് കൊണ്ട് ഞാന്‍ ചെയ്യണം. അല്ലാതെ എല്ലാ കഴിവും തെളിഞ്ഞ ആളാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അതിനെയാണ് ആളുകള്‍ ഹാര്‍ഡ് വര്‍ക്ക്, ഡെഡിക്കേഷന്‍ എന്നിങ്ങനെയെല്ലാം പേരിട്ട് വിളിച്ചിരിക്കുന്നത്.

പക്ഷെ ഞാന്‍ സിനിമയിലല്ലാതെ പുറത്ത് ഹാര്‍ഡ് വര്‍ക്കിങ് ആയിട്ടുള്ള ആളല്ല. ഞാന്‍ പറമ്പില്‍ കിളക്കാനൊന്നും പോകാറില്ല. അത് വെച്ച് നോക്കുമ്പോള്‍ ഇത് ഹാര്‍ഡ് വര്‍ക്ക് ആണോ, അല്ലലോ. മെത്തേഡ് ആക്ടര്‍സ് ആണ് ശരിക്കും അങ്ങനത്തെ ഡെഡിക്കേഷന്‍ ഒക്കെ ചെയ്യുന്നത്, ഞാന്‍ അതും അല്ല.

സിനിമയുടെ ടോട്ടാലിറ്റിയില്‍ യോജിക്കുന്ന രീതിയില്‍ എങ്ങനെ നമ്മുടെ കഥാപാത്രത്തെ ഡിസൈന്‍ ചെയ്ത് നമ്മുടെ കഴിവിന്റെ പരമാവധിയില്‍ ചെയ്യാം എന്നുള്ളതാണ്. എന്നെക്കാള്‍ കഴിവുള്ളവരുണ്ടാകും. മൈക്കിള്‍ ജോര്‍ദാന്‍ പറയുന്നൊരു ഡയലോഗ് ഇല്ലേ ‘എന്നേക്കാള്‍ കഴിവുള്ളവര്‍ ഒരുപാടുണ്ടായിരിക്കാം പക്ഷെ ഞാന്‍ എടുക്കുന്ന പണി അവര്‍ എടുക്കുന്നുണ്ടാകില്ല’ എന്ന്,’ ടോവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About His Hard Working And Dedication For Fims

We use cookies to give you the best possible experience. Learn more