| Monday, 16th September 2024, 9:10 am

ഞാന്‍ ഒരിക്കലും ആ നടന്റെ ശല്യക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്നില്ല: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനായ സെവന്‍ത്ത് ഡേയിലൂടെയും എന്ന് നിന്റെ മൊയ്തീനിലൂടെയുമാണ് ടൊവിനോ തോമസ് മലയാള സിനിമയില്‍ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോയുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ തുടങ്ങിയ സൗഹൃദമാണ് പൃഥ്വിരാജുമായിട്ടുള്ളത്. പൃഥ്വിരാജുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

പൃഥ്വിരാജുമായി അടുത്ത സൗഹൃദമാണുള്ളതെങ്കിലും ഒരിക്കലും അദ്ദേഹത്തിന് ഒരു ശല്യക്കാരനായി മാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ടൊവിനോ പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ താന്‍ പൃഥ്വിരാജുമായി നടത്തിയ ചില സംഭാഷണങ്ങളാണ് സ്ഥിരം ശൈലിയില്‍ നിന്ന് മാറി സിനിമകള്‍ ചെയ്യണം എന്ന് തീരുമാനമെടുക്കാന്‍ സ്വാധീനിച്ചതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും പൃഥ്വിരാജും ഇടക്കിടക്ക് കാണുകയും സിനിമകളെ കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഞാന്‍ അങ്ങനെ ഒരിക്കലും അദ്ദേഹത്തിന്റെ സ്‌പേസിലേക്ക് കടന്ന് ചെന്നിട്ട് അദ്ദേഹത്തിന് ഒരു ശല്യക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്നില്ല. പരിചയപ്പെട്ട കാലം മുതല്‍ ഞാനത് ശ്രദ്ധിക്കാറുണ്ട്. അല്ലാതെ ഒരാളുടെ സ്വകാര്യതയില്‍ കയറി അങ്ങനെ ഒന്നും ചോദിക്കാറില്ല.

നമുക്ക് സ്വാതന്ത്രമുള്ള ആളാണെങ്കില്‍ പോലും അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നുള്ളതാണ്. അതുകൊണ്ടായിരിക്കാം ഞാനും പൃഥ്വിരാജും തമ്മില്‍ വളരെ അടുത്ത സൗഹൃദം ഇപ്പോഴും ഉള്ളത്. എനിക്ക് വളരെ ഇഷ്ടമാണ് അദ്ദേഹവുമായിട്ട് സംസാരിച്ചു കൊണ്ടിരിക്കാന്‍. കാരണം സിനിമയില്‍ വന്ന സമയം മുതല്‍ നമ്മള്‍ ആദ്യം പരിചയപ്പെടുന്ന ആളുകള്‍ നമ്മളെ വളരെ ഇന്‍സ്പയര്‍ ചെയ്യുമല്ലോ.

സെവന്‍ത്ത് ഡേ ചെയ്യുന്ന സമയത്തും എന്ന് നിന്റെ മൊയ്തീന്‍ ചെയ്യുന്ന സമയത്തെല്ലാം അദ്ദേഹവുമായിട്ടുള്ള സംഭാഷണങ്ങള്‍ കൂടുതലും സിനിമകള്‍ എങ്ങനെ ആയിരിക്കണം, എന്തെല്ലാം സാധ്യതകളാണ് സിനിമക്കുള്ളത് എന്നുള്ളതൊക്കെയായിരുന്നു. ആ സംഭാഷണങ്ങളെല്ലാം എന്നെ വല്ലാതെ ഇന്‍സ്പയര്‍ ചെയ്തിട്ടുള്ള കാര്യങ്ങളാണ്.

നമ്മള്‍ ഒരു സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് മാറി സിനിമകള്‍ ചെയ്യുന്നതിനെ പറ്റിയും കുറച്ചുകൂടെ വലുതായിട്ട് ചിന്തിക്കുന്നതിനെ പറ്റിയുമെല്ലാം അദ്ദേഹത്തിന്റെ സ്വാധീനം എനിക്കുണ്ട്. പൃഥ്വിരാജിനോട് അങ്ങോട്ട് ചാന്‍സുകള്‍ ഒന്നും ചോദിക്കാറില്ല. നമുക്ക് പറ്റിയ വേഷങ്ങളുണ്ടെങ്കില്‍ അദ്ദേഹം നമ്മളെ ഇങ്ങോട്ട് തന്നെ വിളിക്കും. എന്തായാലും ഓര്‍ക്കാതിരിക്കില്ല.

അദ്ദേഹത്തിന്റെ ഡയറക്ഷന്‍ വളരെ അടിപൊളിയാണ്. എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ലൂസിഫര്‍ സിനിമയെല്ലാം ഞാന്‍ വളരെ റീലാക്‌സ്ഡ് ആയിട്ട് ചെയ്ത സിനിമയാണത്. എനിക്ക് ഏറ്റവും കൂടുതല്‍ അഭിനന്ദങ്ങള്‍ കിട്ടിയ സിനിമയാണത്. കാരണം അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ അഭിനയിക്കാനും വളരെ എളുപ്പമാണ്,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talks About his friendship with Prithviraj

We use cookies to give you the best possible experience. Learn more