| Tuesday, 7th January 2025, 9:34 am

വീട്ടില്‍ നിരാഹാരം കിടന്നിട്ടാണ് ഞാന്‍ ജിമ്മില്‍ പോകുന്നത്, അതിന് ശേഷം അപ്പന്‍ ചെയ്തത് മറക്കില്ല: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അച്ഛനുമായുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ കിട്ടിയപ്പോള്‍ തന്റെ അച്ഛന്‍ വന്ന് തനിക്ക് എന്താണെന്ന് വേണ്ടതെന്ന് ചോദിച്ചെന്നും അപ്പോള്‍ ജിമ്മില്‍ പോകണമെന്നാണ് പറഞ്ഞതെന്നും ടൊവിനോ പറയുന്നു. എന്നാല്‍ അച്ഛന്‍ സമ്മതിച്ചില്ലെന്നും അവസാനം നിരാഹാരം കിടന്നാണ് അനുവാദം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിമ്മില്‍ പോകുന്നത് തന്റെ ശരീരത്തിന് ഗുണമാണെന്ന് മനസിലാക്കിയ അച്ഛന്‍ ഒരു ദിവസം തനിക്ക് വേണ്ടി 100 കോഴിമുട്ട വാങ്ങിവന്നെന്നും ടൊവിനോ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘എന്റെ വിവാഹ നിശ്ചയത്തിന്റെ അന്ന് ഇതുപോലെ ഒരു സ്റ്റേജില്‍ ഇരുന്ന് എന്റെ അപ്പന്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘ഞാന്‍ ഇവനെ ഒരു മൂന്ന് കാര്യങ്ങളിലാണ് എതിര്‍ത്തിട്ടുള്ളത്. ആദ്യം ഇവന് ജിമ്മില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല’ എന്ന് പറഞ്ഞാണ് അപ്പന്‍ തുടങ്ങിയത്.

എനിക്ക് പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ കിട്ടിയപ്പോള്‍ അപ്പന്‍ വന്നിട്ട് നിനക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞത് എനിക്ക് ജിമ്മില്‍ പോകാന്‍ 116 രൂപ വേണം എന്നാണ്. കേട്ട ഉടനെ അപ്പന്‍ പറഞ്ഞു അത് നടക്കില്ല നിനക്ക് ജിമ്മില്‍ പോകാനുള്ള പ്രായം ആയിട്ടില്ല എന്ന്.

അങ്ങനെ ഞാന്‍ വീട്ടില്‍ നിരാഹാരം കിടന്നിട്ടാണ് ജിമ്മില്‍ പോകുന്നത്. ജിമ്മില്‍ പോയിത്തുടങ്ങി അതെന്റെ ജീവിതത്തിന് ഗുണമേ ഉണ്ടാകുന്നുള്ളൂ ദോഷം ഉണ്ടാകുന്നില്ലെന്ന് എന്റെ അപ്പന്‍ മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു. ആ സമയത്ത് ഞാന്‍ സബ് ജൂനിയര്‍ വിഭാഗം മിസ്റ്റര്‍ തൃശ്ശൂര്‍ ആകാന്‍ വേണ്ടി മത്സരിച്ചു.

അങ്ങനെ ഇരിക്കുമ്പോഴുണ്ട് ഒരു ദിവസം ഇരിഞ്ഞാലക്കുട പള്ളിയില്‍ പോയിട്ട് കോഴിയും അരിയും എല്ലാം വാങ്ങിവരുന്ന കൂട്ടത്തില്‍ ഒരു 100 കോഴിമുട്ടയും വാങ്ങി എന്റെ അപ്പന്‍ വീട്ടിലേക്ക് വന്നു, എനിക്കുള്ള പ്രോട്ടീന്‍. അതായത് എന്നോട് പോകണ്ട എന്ന് പറഞ്ഞ അതേ ആളുതന്നെ ഞാന്‍ ശരിയായ വഴിക്കാണ് പോകുന്നതെന്ന് കണ്ടപ്പോള്‍ എന്റെ കൂടെ വന്നു,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About His Father

We use cookies to give you the best possible experience. Learn more