| Saturday, 3rd February 2024, 7:57 am

ഒരു കാട്ടില്‍ രണ്ട് സിംഹം വേണോയെന്ന് ചോദിച്ചു; പുള്ളിക്ക് അഭിനയിച്ച് എക്‌സ്പീരിയന്‍സില്ലെന്ന് ഞാന്‍: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്.

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും അഭിനയിക്കുന്നുണ്ട്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ഇത്. ടൊവിനോയുടെ അച്ഛന്റെ കഥാപാത്രമായാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിക്കുന്നത്.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ടൊവിനോ തോമസ്.

‘അപ്പനോട് ഞാന്‍ ചോദിച്ചിട്ടുണ്ട് ‘ഒരു കാട്ടില്‍ രണ്ട് സിംഹം വേണോ’യെന്ന്. പുള്ളി അത്രവലിയ അഭിനയതത്പരനൊന്നും അല്ല. നമ്മുടെ ഡയറക്ടറായ ഡാര്‍വിനാണ് ഈ കാര്യം ആദ്യം പറഞ്ഞത്. അപ്പനെ അഭിനയിപ്പിച്ചാലോ എന്ന് ചോദിച്ചപ്പോള്‍, എന്റെ അപ്പനെ കൊണ്ടോ? നിങ്ങള്‍ എന്താ ഈ പറയുന്നതെന്ന് ഞാനും ചോദിച്ചു. പുള്ളിക്ക് അഭിനയിച്ച് എക്‌സ്പീരിയന്‍സ് ഇല്ലെന്ന് ഞാന്‍ പറഞ്ഞു.

‘അതിന് വലിയ എടുത്താല്‍ പൊങ്ങാത്ത കഥാപാത്രമല്ല. നിന്റെ അപ്പന്‍ തന്നെയാണ്’ എന്ന് ഡാര്‍വിന്‍ പറഞ്ഞതും ഞാന്‍ ഓക്കേയായി. കാരണം പുള്ളിക്ക് അതില്‍ വലിയ രീതിയില്‍ അഭിനയിക്കേണ്ടി വരില്ലല്ലോ. എന്റെ അപ്പന്‍ തന്നെയല്ലേ. എന്നാലും ക്യാമറയുടെ മുന്നില്‍ വരുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാകാം. ഞാനും അത് എക്‌സ്പീരിയന്‍സ് ചെയ്ത ആളാണല്ലോ.

പേടിക്കണ്ട ഞാന്‍ പറഞ്ഞു തരാമെന്ന് അപ്പനോട് പറഞ്ഞിരുന്നു. സാധാരണ എല്ലാ കാര്യങ്ങളും ഞാനാണ് അപ്പന്റെ അടുത്ത് ചോദിക്കാറുള്ളത്. ഈകാര്യത്തില്‍ മാത്രം തിരിച്ചായി കാര്യങ്ങള്‍. അപ്പന് അഭിനയിക്കാന്‍ കുറച്ച് ഭാഗങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും നന്നായിട്ട് അത് ചെയ്തിട്ടുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.


Content Highlight: Tovino Thomas Talks About His Father

Latest Stories

We use cookies to give you the best possible experience. Learn more