| Friday, 6th September 2024, 2:06 pm

അവളുടെ മുഖത്തേക്ക് നോക്കിയാണ് ബേസില്‍ മിന്നല്‍ മുരളി ഹിറ്റാകുമോ എന്ന് മനസിലാക്കിയത്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ആദ്യ മലയാള സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളി. മേക്കിങ് കൊണ്ടും കഥ പറച്ചില്‍ രീതികൊണ്ടും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത്. അന്യഭാഷയിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മിന്നല്‍ മുരളി.
ബേസിലും ടൊവിനോയുടെ മൂത്ത മകള്‍ ഇഷയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. അപ്പയെ ആണോ ബേസിലിനെ ആണോ കൂടുതലിഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാല്‍ കൂട്ടത്തില്‍ കഴിവ് കുറഞ്ഞ ബേസിലിന് ആ അംഗീകാരം കൊടുത്തുകൊള്ളാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്ന് ടൊവിനോ പറയുന്നു.

മിന്നല്‍ മുരളി ആദ്യം കണ്ട പ്രേക്ഷരില്‍ ഒരാള്‍ തന്റെ മകള്‍ ഇഷയാണെന്നും അവളുടെ മുഖത്തെ റിയാക്ഷന്‍ കണ്ടിട്ടാണ് സിനിമ കുട്ടികള്‍ക്ക് വര്‍ക്ക് ആകുന്നുണ്ടോ എന്ന് ബേസില്‍ മനസിലാക്കിയതെന്നും ടൊവിനോ പറയുന്നു. അവര്‍ രണ്ടു പേരും മികച്ച സുഹൃത്തുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ടൊവിനോ തോമസ്.

‘ടൊവിനോയുടെ ഫാന്‍ ആണോ ബേസിലിന്റെ ഫാന്‍ ആണോ എന്ന് ചോദിച്ചാല്‍ അവള്‍ പറയും ബേസിലിന്റേതാണെന്ന്. അതാണ് വളര്‍ത്ത് ഗുണം. ഞാന്‍ പറഞ്ഞിട്ടുണ്ട് മോളെ അങ്ങനെ ആരെങ്കിലും ചോദിച്ച് കഴിഞ്ഞാല്‍ കഴിവ് കുറവുള്ളവര്‍ക്ക് അംഗീകാരം കൊടുക്കുക (ചിരി). മിന്നല്‍ മുരളി സിനിമ റിലീസിന് മാസങ്ങള്‍ക്ക് മുമ്പേ ബേസിലിന്റെ വീട്ടിലിരുന്ന് സിനിമ കണ്ട ആദ്യ പ്രേക്ഷകരില്‍ ഒരാളാണ് ഇഷ. റ്റഹാന്‍ അന്ന് തീരെ ചെറുതാണ്, മിക്കപ്പോഴും ഉറക്കമായിരിക്കും.

ഇഷയുടെ മുഖത്ത് നിന്നാണ് ബേസില്‍ ആദ്യം സിനിമയുടെ റിയാക്ഷന്‍സ് എല്ലാം എടുക്കുന്നത്. കുട്ടികള്‍ക്ക് വര്‍ക്ക് ആകുന്നുണ്ടോ എന്നാണ് അവന് അറിയേണ്ടത്. ബാക്കി ആരുടേയും കാര്യം ശ്രദ്ധിക്കുന്നില്ല. ഞാന്‍ ബേസിലിന്റെ പടത്തിലൊക്കെ അഭിനയിക്കുകയാണെങ്കില്‍ ഇവള്‍ വിളിച്ചിട്ട്, അപ്പനെ വീട്ടിലേക്ക് വിടണം എന്നൊക്കെ പറയും. അത്രക്ക് കമ്പനി ഉള്ളവരാണ് ബേസിലും ഇഷയും. അവര്‍ രണ്ടുപേരും സമപ്രായക്കാരാണല്ലോ മാനസിക വളര്‍ച്ച കൊണ്ട്,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talks About His Daughter Izza’s Relationship With Basil Joseph

We use cookies to give you the best possible experience. Learn more