സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും എത്തിയ ചിത്രം 2019ലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
ലൂസിഫറില്‍ ടൊവിനോ തോമസും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിച്ചത്. രണ്ടാം ഭാഗമായ എമ്പുരാനിലും ജതിന്‍ രാംദാസായി നടന്‍ അഭിനയിക്കുന്നുണ്ട്. തന്റെ കഥാപാത്രത്തെ കുറിച്ചും എമ്പുരാനെ കുറിച്ചും പറയുകയാണ് ടൊവിനോ.
ലൂസിഫറില്‍ എവിടെയാണോ അവസാനിപ്പിച്ചത് അവിടെയാണ് എമ്പുരാന്‍ തുടങ്ങുന്നതെന്നും ആ സിനിമ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നടന്‍ പറയുന്നു. എമ്പുരാനിലെ ചില സീക്വന്‍സുകള്‍ കണ്ടുവെന്നും കണ്ട ശേഷം താന്‍ ഏറെ എക്‌സൈറ്റഡാണെന്നും ടൊവിനോ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എമ്പുരാനില്‍ എനിക്ക് ലൂസിഫറിലെ അതേ കഥാപാത്രം തന്നെയാണ് ചെയ്യാനുള്ളത്. ജതിന്‍ രാംദാസ്, മുഖ്യമന്ത്രിയാണ്. ലൂസിഫറില്‍ എവിടെയാണോ അവസാനിപ്പിച്ചത് അവിടെയാണ് എമ്പുരാന്‍ തുടങ്ങുന്നത്. ആ സിനിമ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ എന്റെ കഥാപാത്രത്തെ മാത്രമായി പറയുകയല്ല, ആ സിനിമ പൂര്‍ണമായും എങ്ങനെയുണ്ടെന്ന് എനിക്ക് കാണണമെന്നുണ്ട്.
ആദ്യ ഭാഗം റഷ്യയിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. രണ്ടാം ഭാഗം ഏത് രാജ്യങ്ങളിലൊക്കെയാണ് ഷൂട്ട് ചെയ്തതെന്ന് നമുക്ക് അറിയാവുന്നതാണ്. ഞാന്‍ എമ്പുരാനിലെ ചില സീക്വന്‍സുകള്‍ കണ്ടു. അടിപൊളിയാണ് അതൊക്കെ. ചില സീക്വന്‍സുകള്‍ കണ്ടിട്ട് ഞാന്‍ ഏറെ എക്‌സൈറ്റഡാണ്.
പറ്റിയാല്‍ മുമ്പത്തെ പോലെ തന്നെ ലാലേട്ടനും രാജുവേട്ടനും ഒപ്പം ഒരേ തിയേറ്ററില്‍ ആ സിനിമ കാണണം. അതിന് സാധിച്ചാല്‍ വേറെ തരം എക്‌സ്പീരിയന്‍സാകും അത്. എന്റെ ജീവിതത്തില്‍ ഞാന്‍ സിനിമ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല എക്‌സ്പീരിയന്‍സായിരുന്നു ലൂസിഫറിന്റെ ഫാന്‍സ് ഷോക്ക് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പോയത്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas Talks About His Character In Empuraan And Lucifer