അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു.
ടൊവിനോയുടെ കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു. നവാഗതാനായ ജിതിന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. മൂന്ന് വേഷവും അവതരിപ്പിച്ചത് ടൊവിനോ തന്നെയാണ്. ത്രീ.ഡിയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ചിത്രത്തിലെ മണിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ മണിയന്റെ ഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു പെര്‍ഫോമിങ് ആര്‍ട്ട് ചെയ്യുന്ന ഫീലായിരുന്നെന്ന് ടൊവിനോ പറഞ്ഞു.
മണിയന്റെ വേഷവും രാത്രിയിലുള്ള ഷൂട്ടും എല്ലാം ആയപ്പോള്‍ ആളുകളുടെ മുന്നില്‍ വേഷം കെട്ടി ആടുന്നതുപോലെ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധന്‍സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ മണിയന്റെ ഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു പെര്‍ഫോമിങ് ആര്‍ട്ട് ചെയ്യുന്ന ഫീലാണ്. അജയനെക്കാളും വ്യത്യസ്തമായ ലുക്കിലാണല്ലോ മണിയന്‍ വരുന്നത്. ആ വേഷവും നടക്കുമ്പോള്‍ ഉള്ള ജിലും ജിലും ശബ്ദവും രാത്രിയായിരുന്നു കൂടുതലും ഷൂട്ടും കാര്യങ്ങളും ഒക്കെ.
അങ്ങനെയുള്ളതൊക്കെ കൊണ്ടുതന്നെ ഒരു നാടകമോ പെര്‍ഫോമിങ് ആര്‍ട്ടോ ഒക്കെ ചെയ്യുന്നതിന്റെ ചെറിയൊരു രസം നമുക്കും കിട്ടും. ഇത്രയും ആളുകളുടെ മുന്നില്‍ നമ്മള്‍ വേഷം കെട്ടി ആടുന്നു എന്ന് പറയുന്നൊരു ഫീലൊക്കെ ആയിരുന്നു,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About His Character In Ajayante Randam Moshanam Movie