ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗപ്പി. ചേതന്‍ ജയലാല്‍, ടൊവിനോ തോമസ്, ശ്രീനിവാസന്‍, രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. തിയേറ്ററില്‍ പരാജയമായി മാറിയ ചിത്രം എന്നാല്‍ പിന്നീട് മികച്ച അഭിപ്രായം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടി.
ഗപ്പി സിനിമയെ കുറിച്ച് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ടൊവിനോ തോമസ്. തന്നെ സംബന്ധിച്ച് ഗപ്പി വളരെ സോള്‍ഫുള്‍ ആയ ചിത്രമായിരുന്നെന്നും ക്ലൈമാക്‌സ് രംഗം കണ്ട് കരഞ്ഞെന്നും ടൊവിനോ പറഞ്ഞു.
‘എന്നെ സംബന്ധിച്ച് ഗപ്പി വളരെ നല്ല സിനിമയാണ്. ഗപ്പി ഇറങ്ങുന്ന സമയത്ത് എനിക്ക് മകളുണ്ടായിട്ട് മൂന്ന് മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളു. മോള്‍ ജനിച്ച അന്നാണ് സംവിധായകന്‍ ജോണ്‍ പോള്‍ എന്റെ അടുത്ത് വന്ന് കഥ പറയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് ഞാനും ജോണും ഒന്നിച്ച് എന്റെ വീട്ടിലേക്ക് വന്നിട്ടാണ് ഞാന്‍ കഥ കേള്‍ക്കുന്നത്.
വീട്ടില്‍ ഒരു ബാത്ത് ടബ്ബില്‍ അങ്ങോട്ടും ഇങ്ങോട്ടും ഞാനും ജോണും നോക്കിയിരുന്നിട്ടാണ് ഗപ്പിയുടെ കഥ പറയുന്നത്. ഗപ്പി അന്ന് കേള്‍ക്കുമ്പോള്‍ തന്നെ വളരെ സോള്‍ ഫുള്‍ ആയിട്ടുള്ളൊരു സിനിമയാണെന്ന് മനസിലായിരുന്നു.
സിനിമയുടെ ക്ലൈമാക്‌സ് ആകുമ്പോള്‍ ബൈക്കില്‍ ചേതന്റെ കൂടെ പോകുന്ന രംഗമുണ്ടല്ലോ. അതില്‍ ബാക്ക്ഗ്രൗണ്ടില്‍ ‘കനവുകളും ഒരുപിടി’ എന്ന വരിയും ഒക്കെകൂടെയായി ഞാന്‍ ആകെ ഇമോഷണല്‍ ആയി. തിയേറ്ററില്‍ എന്റെ അടുത്ത് എന്റെ കൂട്ടുകാരുണ്ട്, ഭാര്യയുണ്ട്, ആളുകളുണ്ട്.
അതുകൊണ്ടുതന്നെ ഞാന്‍ കരയുന്നത് ആരും കാണാതിരിക്കാനായി കൂളിങ് ഗ്ലാസ്സെടുത്ത് വെച്ചു. അങ്ങനെ ഗ്ലാസൊക്കെ വെച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഉണ്ട് ജോണും ഗിരീഷേട്ടനും ഗ്ലാസൊക്കെ വെച്ച് പുറത്ത് നില്‍ക്കുന്നു,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Guppy Movie