| Thursday, 6th April 2023, 11:32 pm

ഞാന്‍ ഈ നാടിനെന്തോ ആപത്താണ്, ദുശ്ശകുനമാണ് എന്ന് വരെ പറഞ്ഞു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രളയം വന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായ സിനിമാ താരമാണ് ടൊവിനോ. പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിച്ചപ്പോള്‍ ആദ്യം ഹീറോയായ ടൊവിനോക്ക് പിന്നീട് പ്രളയത്തിന്റെ പേരില്‍ വിദ്വേഷപ്രചരണങ്ങളും നേരിടേണ്ടി വന്നു. ടൊവിനോയുടെ സിനിമകള്‍ ഇറങ്ങുമ്പോഴാണ് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്ന തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങളായിരുന്നു നടന്നത്.

അന്നത്തെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ടൊവിനോ. പ്രളയത്തെ തന്നെ ആസ്പദമാക്കിയുള്ള തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ടൊവിനോയുടെ പരാമര്‍ശങ്ങള്‍.

‘ഇതൊക്കെ ആരാണ് പറയുന്നതെന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിനെന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്. തമാശയൊക്കെ ഞാനും ആദ്യം എന്‍ജോയ് ചെയ്തു. പിന്നെ അത് വളരെ സീരിയസായി.

ഡിങ്കോയിസം ഒക്കെ മതമായതുപോലെ ഇങ്ങനെ ഒരു സംഭവത്തിലേക്ക് വന്നു. ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശ്ശേ, വേണ്ടായിരുന്നു എന്ന് പറയാമായിരുന്നു. ഇതിപ്പോള്‍ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. അടുത്ത പ്രാവശ്യം പ്രളയം വന്നപ്പോള്‍ ഞാന്‍ ഇറങ്ങണോ എന്ന് ആലോചിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. അങ്ങനെയുള്ള അവസ്ഥ വന്നിരുന്നു.

ആ സമയത്ത് വെറുക്കപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. എനിക്കതില്‍ പരിഭവമില്ല. പരാതിയില്ല. അതിന് ശേഷവും സിനിമ ചെയ്യുന്നു. എന്നെ ആ സമയത്ത് വിഷമിപ്പിച്ച കാര്യമാണ്,’ ടൊവിനോ പറഞ്ഞു.

ജൂഡ് ആന്തണി വര്‍ഗീസിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 ഏപ്രില്‍ 21ന് ആണ് റിലീസ് ചെയ്യുന്നത്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

Content Highlight: tovino thomas talks about flood

We use cookies to give you the best possible experience. Learn more