2024ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഫഹദ് ഫാസില്‍ നായകനായ ആവേശം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആവേശത്തില്‍ രംഗണ്ണന്‍ എന്ന ഗുണ്ടാ നേതാവായാണ് ഫഹദ് എത്തിയത്.
തന്റെ മക്കള്‍ രണ്ടുപേരും രംഗണ്ണന്റെ ഫാന്‍സാണെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. ആവേശം ഇറങ്ങിയ സമയത്ത് താനും ഫാമിലിയും ഒരു വെക്കേഷന് പോയിരുന്നെന്നും അവിടെ വെച്ച് രണ്ടുപേരും രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് വാശിയായിരുന്നെന്നും ടൊവിനോ പറയുന്നു.
ഫഹദിനെ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ താന്‍ അവന് ഒരു വീഡിയോ അയച്ചു കൊടുത്തെന്നും മറുപടിയായി ഫഹദ് മക്കള്‍ക്കായി ഒരു വീഡിയോ അയച്ചെന്നും നടന്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘ആവേശം ഇറങ്ങിയ സമയത്ത് ഞാനും ഫാമിലിയും കൂടെ ഒരു വെക്കേഷന് പോയിരുന്നു. അന്ന് രണ്ട് പിള്ളേരും കൂടെ എന്റെ തലങ്ങും വിലങ്ങും നിന്നിട്ട് രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് വാശിയായിരുന്നു. ഞാന്‍ അപ്പോള്‍ ജപ്പാനിലുള്ള സമയത്ത് ഫഹദിനെ വിളിച്ചു.
പക്ഷെ അന്ന് ഫഹദിനെ വിളിച്ചിട്ട് കിട്ടിയില്ല. അവസാനം ഞാന്‍ അവരുടെ വീഡിയോ എടുത്തിട്ട് അയച്ചു കൊടുത്തു. ഇവിടെ രണ്ട് രംഗണ്ണന്‍ ഫാന്‍സുണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഫഹദ് തിരിച്ച് ഒരു വീഡിയോ റെക്കോഡ് ചെയ്ത് അയച്ചു തന്നു. ‘എടാ മോനേ’ എന്ന് പറയുന്ന വീഡിയോ ആയിരുന്നു അത്.
ആവേശം കണ്ടിട്ട് അവര്‍ കുറേനാള്‍ അങ്ങനെയായിരുന്നു. രണ്ടുപേരും രംഗണ്ണന്റെ ഫാന്‍സായിരുന്നു. അവര് ഇടക്കിടെ ‘എടാ മോനെ’ എന്ന് പറയുന്നത് കേള്‍ക്കാം. പിന്നെ ഞാനും വെക്കേഷന്റെ ഇടയില്‍ ചോദിക്കാന്‍ തുടങ്ങി. ‘മക്കളേ ഹാപ്പിയല്ലേ’യെന്ന്. തിരികെ അവര്‍ ‘ബിബിമോന്‍ ഹാപ്പിയാണോ’ എന്ന് ചോദിക്കും (ചിരി),’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas Talks About Fahadh Faasil’s Rangannan Character In Aavesham Movie