Entertainment
അതിന് ശേഷം ആളുകളുടെ ഇടയില്‍ നിന്ന് അകലം പാലിക്കാന്‍ അദ്ദേഹം പറഞ്ഞു: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 18, 06:24 am
Wednesday, 18th September 2024, 11:54 am

ടൊവിനോ അജയന്‍, കുഞ്ഞികേളു, മണിയന്‍ എന്നീ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയില്‍ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററില്‍ നിന്ന് നേടുന്നത്.

അജയന്റെ രണ്ടാം മോഷണത്തില്‍ തന്റെ രണ്ടാമത്തെ കഥാപാത്രത്തെ ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് നാടകകൃത്ത് ദീപന്‍ ശിവറാം തന്നെ കൊണ്ട് ചെയ്യിപ്പിച്ച വ്യായാമത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ആളുകളില്‍ നിന്ന് അകലം പാലിച്ച് ഒറ്റപ്പെട്ടിരിക്കാന്‍ പറഞ്ഞെന്നും എന്നാല്‍ തനിക്ക് അത് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറെ വര്‍ഷമായി സൗഹൃദമുള്ളവരായിരുന്നു അജയന്റെ രണ്ടാം മോഷണത്തിന്റെ സെറ്റില്‍ ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ മിണ്ടാതിരിക്കാന്‍ പ്രയാസപ്പെട്ടെന്നും ടൊവിനോ പറയുന്നു. എന്നാല്‍ അത് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം സംസാരമെല്ലാം മുമ്പുള്ളതിനേക്കാള്‍ കുറഞ്ഞെന്നും ഡയലോഗെല്ലാം ഒറ്റക്കിരുന്നു പഠിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ടൊവിനോ.

‘ആ ചിത്രത്തിലെ അടുത്ത ഭാഗം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് ആളുകളില്‍ നിന്നും അകലം പാലിക്കാന്‍ ദീപന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. എന്റെ രണ്ടാമത്തെ കഥാപാത്രത്തെയായിരുന്നു അപ്പോള്‍ ചിത്രീകരിക്കാന്‍ പോകുന്നത്. മറ്റുള്ളവരില്‍ നിന്ന് മാറി ഒറ്റപ്പെട്ടിരിക്കാന്‍ അദ്ദേഹം പറഞ്ഞു.

പക്ഷെ അതുവരെ ഞാന്‍ സെറ്റിലെ എല്ലാവരുമായും നല്ല സൗഹൃദമുള്ള ആളായിരുന്നു, എല്ലാവരെയും വര്‍ഷങ്ങളായിട്ട് കാണുന്നതായിരുന്നു. ഒരു ദിവസം പെട്ടന്ന് രാവിലെ വന്നിട്ട് എല്ലാവരുമായിട്ട് അകലം പാലിക്കണമെന്ന് പറഞ്ഞാല്‍ എനിക്കത് പറ്റുന്ന കാര്യമല്ലായിരുന്നു. വളരെ ബുദ്ധിമുട്ടായിരുന്നു അത് ചെയ്യാന്‍.

പക്ഷെ ആ ഒരു എക്സസൈസ് ഞാന്‍ ചെയ്യാന്‍ തുടങ്ങിയത് മുതല്‍ എനിക്ക് ആളുകളെ കൂടുതല്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. പിറ്റേന്ന് മുതല്‍ ഞാന്‍ പഴയത് പോലെ എപ്പോഴും ചിരിക്കാതെയായി. സംസാരിക്കുന്നത് പണ്ടത്തേതിനേക്കാള്‍ കുറഞ്ഞു. എനിക്ക് ഒറ്റക്ക് ഒരു റൂമില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ഡയലോഗുകളും മറ്റുമൊക്കെ ഒറ്റക്കിരുന്നു പഠിക്കാനൊക്കെ തുടങ്ങി,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Exercise He  Done For Doing A Character In A.R.M Movie