| Monday, 9th September 2024, 8:36 am

കരയില്‍ മരിക്കുന്നതാണ് എളുപ്പം, വെള്ളത്തിനടിയില്‍ മരിക്കാന്‍ ഞാന്‍ ചെയ്ത ഐഡിയയായിരുന്നു അത്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു 2018. 2018ല്‍ കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമ വന്‍ വിജയമായി മാറുകയായിരുന്നു.

ടൊവിനോയുടെ 50-ാമത്തെ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്നു വേഷങ്ങളിലാണ് ടൊവിനോ എത്തുന്നത്. ചിത്രത്തില്‍ മൂന്ന് മിനിട്ടോളമുള്ള അണ്ടര്‍ വാട്ടര്‍ രംഗങ്ങളുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. 2018 സിനിമയിലും ടൊവിനോയ്ക്ക് അണ്ടര്‍ വാട്ടര്‍ രംഗമുണ്ടായിരുന്നു.

രണ്ടു ചിത്രങ്ങളിലെയും അണ്ടര്‍ വാട്ടര്‍ സീനുകള്‍ എടുക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് ടൊവിനോ തോമസ്. 2018ല്‍ ടൊവിനോ മരിക്കുന്ന രംഗം വെള്ളത്തിനടിയില്‍ വെച്ചാണ് എടുത്തിരുന്നത്. കരയില്‍ മരിക്കുന്നത് ചെയ്യാനാണ് എളുപ്പമെന്നും എന്നാല്‍ വെള്ളത്തില്‍ മരിക്കുന്നത് കാണിക്കാന്‍ താന്‍ കുമിളകള്‍ വിടുന്നത് നിയന്ത്രിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളത്തിനടിയിലെ രംഗങ്ങള്‍ ചെയ്യാന്‍ ഒരു നല്ല ആക്ടര്‍ മാത്രം ആയാല്‍ പോരെന്നും മറിച്ച് വെള്ളത്തിനടിയില്‍ കംഫര്‍ട്ടബിള്‍ ആകുകയും വേണമെന്ന് ടൊവിനോ പറയുന്നു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘അണ്ടര്‍ വാട്ടര്‍ സ്പീക്കര്‍ ഉണ്ടാകും അതിലൂടെ അവര്‍ ആക്ഷന്‍ പറയുന്ന സമയത്ത് നമ്മള്‍ ആ കണ്ണട ഊരി മാറ്റി ശ്വാസവും എടുത്ത് വെള്ളത്തിന്റെ അടിയില്‍ പോയി അഭിനയിക്കണം. അപ്പോള്‍ കിട്ടിയ ആ ശ്വാസവും വെച്ചാണ് നമ്മള്‍ വെള്ളത്തിന്റെ അടിയില്‍ അഭിനയിക്കേണ്ടത്.

2018ല്‍ എനിക്കൊന്നും അങ്ങനെ സംസാരിക്കാന്‍ പോലും അവസരം കിട്ടിയിട്ടില്ലായിരുന്നു. ടാങ്ക് ഉണ്ടാക്കി അതിന്റെ താഴത്ത് എന്നെ കൊണ്ട് ഇരുത്തിയിട്ട് ആക്ഷന്‍ പറയുമ്പോള്‍ ഞാന്‍ ആ മാസ്‌ക് മാറ്റി അഭിനയിക്കാന്‍ തുടങ്ങും. ആ സിനിമയിലെ മരിക്കുന്ന സീനൊക്കെ വെള്ളത്തിന്റെ അടിയിലാണ്, അപ്പോള്‍ ഞാന്‍ പ്ലാന്‍ ചെയ്തത് കുമിളകള്‍ വിടുന്നത് കണ്‍ട്രോള്‍ ചെയ്തുകൊണ്ടായിരുന്നു.

കരയില്‍ മരിക്കുകയാണെങ്കില്‍ നമുക്ക് കണ്ണടച്ച് വീഴുന്നതോ മറ്റോ ചെയ്താല്‍ മതിയാകും. എന്നാല്‍ വെള്ളത്തിനടിയില്‍ വെച്ച് മരിക്കുന്നത് എങ്ങനെ കാണിക്കാനാണ്. അപ്പോള്‍ ഞാന്‍ ചെയ്തത് കുമിളകള്‍ വിടുന്നത് കുറച്ചു കുറച്ചു കൊണ്ടുവന്നിട്ടാണ്. അവസാന ശ്വാസമാകുമ്പോളേക്കും കുമിളകള്‍ മൊത്തമായും ഇല്ലാത്ത രീതിയില്‍.

അങ്ങനെയൊക്കെ വെള്ളത്തിനടിയില്‍ നിന്ന് ചെയ്യാന്‍ ഒരു ആക്ടര്‍ ആയാല്‍ മാത്രം പോരാ വെള്ളത്തിനടിയില്‍ കംഫര്‍ട്ടബിള്‍ കൂടെ ആയിരിക്കണം. മരിച്ച് കഴിഞ്ഞിട്ടും ക്യാമറ പുറകോട്ട് പോകുമ്പോള്‍ അയ്യോ എന്ന് വിളിച്ച് വെള്ളത്തിന് മുകളിലേക്ക് വരാന്‍ കഴിയില്ല. ക്യാമറ അവിടെ ഉള്ളപ്പോള്‍ അതുപോലെ പിടിച്ച് നില്‍ക്കാന്‍ കഴിയണം,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talks About  Difficulties Of Shooting In Under Water

We use cookies to give you the best possible experience. Learn more