2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതിയ ഈ സിനിമ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മിച്ചത്. ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു. മോഹന്‍ലാലിന് പുറകെ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടായിരുന്നു ടൊവിനോ തോമസ് ലൂസിഫറില്‍ എത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ടൊവിനോ ജതിന്‍ രാംദാസായി എത്തുന്നുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്ലോസപ്പ് ഷോട്ടിന്റെ സമയത്ത് നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആക്ടര്‍ ശരിക്കും അവിടെ നില്‍ക്കേണ്ട ആവശ്യമില്ല. അയാളുടെ സ്ഥാനത്ത് ക്യാമറയാകും ഉണ്ടാകുക. ഒരിക്കല്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി.
അന്ന് എന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രം ലാലേട്ടന്റേതായിരുന്നു. ലാലേട്ടന്‍ ക്ലോസപ്പ് ഷോട്ടിന്റെ സമയമായപ്പോള്‍ എന്റെ അടുത്തേക്ക് വന്നിട്ട് ‘മോനേ ഞാന്‍ നില്‍ക്കണോ’ എന്ന് ചോദിച്ചു.
‘ലാലേട്ടന്‍ നിന്നാല്‍ സന്തോഷം. നിന്നില്ലെങ്കില്‍ കുഴപ്പമില്ല. ലാലേട്ടന് വേണമെങ്കില്‍ റെസ്റ്റ് എടുക്കാമല്ലോ’ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം റെസ്റ്റ് എടുക്കാതെ എന്റെ ഷോട്ട് ആകുന്നതും കാത്തുനിന്നു.
എന്നിട്ട് അദ്ദേഹം ലെന്‍സിന്റെ സൈഡിലായി തല കൊണ്ടുവെച്ച് നിന്നു. ഞാന്‍ ആ സീന്‍ അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെ മുഖത്ത് നോക്കിയാണ് അഭിനയിക്കേണ്ടത്.
ഞാന്‍ ഒരു പേപ്പര്‍ കഷ്ണത്തില്‍ നോക്കിയല്ല അഭിനയിച്ചത്. അതിന്റെ ഗുണം എന്റെ പെര്‍ഫോമന്‍സില്‍ ഉണ്ടാകും. ഡബ്ബിങ്ങിന് വേണ്ടി ആ സീന്‍ കണ്ടപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Close-up Shot With Mohanlal In Empuraan Movie