പ്രേതത്തെ പേടിയുള്ള നടന്‍; രാത്രി ജിമ്മില്‍ പോയാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചു: ടൊവിനോ
Entertainment
പ്രേതത്തെ പേടിയുള്ള നടന്‍; രാത്രി ജിമ്മില്‍ പോയാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th October 2024, 11:23 am

നിലവില്‍ മലയാളത്തില്‍ ഏറെ ആരാധകരുള്ള ഡയറക്ടര്‍ – ആക്ടര്‍ കൂട്ടുകെട്ടാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഗോദയെന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. ചിത്രം തിയേറ്ററില്‍ വലിയ വിജയമായി മാറിയിരുന്നു.

ടൊവിനോക്ക് പാന്‍ ഇന്ത്യന്‍ റീച്ച് നേടി കൊടുത്ത മിന്നല്‍ മുരളിയായിരുന്നു ബേസിലും ടൊവിനോയും ഒന്നിച്ച അടുത്ത ചിത്രം. ബിഗ് സ്‌ക്രീനിനുപുറമെ ഓഫ് സ്‌ക്രീനിലും ഇവര്‍ക്ക് വലിയ ആരാധകരുണ്ട്. മികച്ച സൗഹൃദം വെച്ചുപുലര്‍ത്തുന്നവരാണ് രണ്ടുപേരും. ഇപ്പോള്‍ ബേസിലിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

‘ബേസിലിനെ പിരികയറ്റി വര്‍ക്കൗട്ടിലേക്ക് എത്തിച്ചത് ഞാന്‍ ആയിരുന്നു. ബേസിലിന് ഉച്ചവരെ ഷൂട്ടുള്ള ഒരു ദിവസം അവന്‍ എന്റെ അടുത്തേക്ക് വന്നു. എനിക്ക് അന്ന് രാത്രി ഷൂട്ട് ഉണ്ടായിരുന്നു. എനിക്കാണെങ്കില്‍ അന്ന് ജിമ്മില്‍ പോകാനുള്ള മൂഡുണ്ടായിരുന്നില്ല.

അവന് അന്ന് ജിമ്മില്‍ പോകണമെന്ന വാശിയായിരുന്നു. രാത്രി സംസാരിച്ചിരുന്നിട്ട് 11 മണിക്കോ മറ്റോ ആണ് ഈ കാര്യം എന്നോട് പറയുന്നത്. എനിക്ക് മടി ആയിട്ട് നില്‍ക്കുമ്പോഴാണ് അവന്‍ രാത്രി ജിമ്മില്‍ പോകുന്ന കാര്യം പറയുന്നതെന്ന് ഓര്‍ക്കണം.

അപ്പോള്‍ ഞാന്‍ അവനോട് ‘രാത്രി ജിമ്മില്‍ പോയാല്‍ ഹാര്‍ട്ട് അറ്റാക്ക് വരും’ എന്ന് പറഞ്ഞു. അതുകേട്ടതും ബേസില്‍ അപ്പോള്‍ തന്നെ ജിമ്മില്‍ പോകണ്ടെന്ന് തീരുമാനിച്ചു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ എനിക്ക് രാത്രി ജിമ്മില്‍ പോയാല്‍ ഹാര്‍ട്ട് അറ്റാക്കൊന്നും വരില്ലെന്ന് പറഞ്ഞ് മെസേജ് അയച്ചു. പാവം, ഗൂഗിളില്‍ നോക്കി കണ്ടുപിടിച്ചതാണ് അത് (ചിരി).

അന്ന് അവന് വര്‍ക്കൗട്ട് ചെയ്‌തേ പറ്റുള്ളൂവെന്ന ചിന്തയായിരുന്നു. ഉടനെ ഞാന്‍ അടുത്ത സാധനം എടുത്തിട്ടു. ഹോട്ടലിന്റെ മുകളില്‍ ഒരു അറ്റത്താണ് ആ ജിമ്മുള്ളത്. ‘ബാംഗളൂരുവാണ് സ്ഥലം. പണ്ട് ഇവിടെ ആ ജിമ്മില്‍ വെച്ച് ചെറിയ ഒരു കൊലപാതകം നടന്നിട്ടുണ്ട്. രാത്രി വെറുതെ അങ്ങോട്ട് പോകണോ’ എന്ന് ഞാന്‍ ചോദിച്ചു.

അവന് പ്രേതത്തെ പേടിയുണ്ട് (ചിരി). അതുകൊണ്ട് അവന് ഇനി ജിമ്മില്‍ പോകേണ്ടി വരില്ലെന്ന ആശ്വസത്തിലായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഷൂട്ടില്‍ സെറ്റില്‍ എത്തിയ ശേഷം എനിക്ക് വീണ്ടും ഇവന്റെ മെസേജ് വന്നു. ഒരു വീഡിയോ മെസേജായിരുന്നു അത്. ജിമ്മില്‍ നില്‍ക്കുന്ന വീഡിയോ ആയിരുന്നു. വീഡിയോ കണ്ടതോടെ അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞാന്‍.

പിന്നെയാണ് ബേസില്‍ അവന്റെ ക്യാമറ തിരിച്ചു പിടിച്ചു കാണിക്കുന്ന വീഡിയോ ഞാന്‍ ശ്രദ്ധിക്കുന്നത്. അവന്റെ ഭാര്യ ഒമ്പത് മണി ആയാല്‍ കിടന്നുറങ്ങുന്ന ആളാണ്. അവളെ പിടിച്ച് എഴുന്നേല്‍പ്പിച്ചിട്ട് ജിമ്മിലെ ഒരു ബെഞ്ചില്‍ ഇരുത്തിയിരിക്കുകയാണ് അവന്‍. അവള്‍ ബേസിലിന് കൂട്ടായി വന്നിട്ട് അവിടെ കിടന്ന് ഉറക്കമാണ്. എന്തൊക്കെ വന്നാലും അവന് വര്‍ക്കൗട്ട് മുടക്കാന്‍ പറ്റില്ല,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Basil Joseph