| Tuesday, 16th November 2021, 9:11 am

ചാക്കോയുടെ കഥ എന്നിലൂടെ പറയേണ്ടതായിരുന്നു, അതിനൊരു യാദൃശ്ചികത കൂടിയുണ്ട്; ചാര്‍ലിയായ അനുഭവം പറഞ്ഞ് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയില്‍ ദുല്‍ഖറാണ് കുറുപ്പിനെ അവതരിപ്പിക്കുന്നത്.

കുറുപ്പിനാല്‍ കൊല്ലപ്പെടുന്ന ചാക്കോ എന്നയാളെ ചാര്‍ലി എന്ന പേരിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തിലെത്തുന്ന നടന്‍ ടൊവിനോ തോമസ് ആണ് ചാര്‍ലിയായെത്തുന്നത്.

ഇപ്പോള്‍ കുറുപ്പ് സിനിമയിലെത്തിയതിനെക്കുറിച്ചും ചാര്‍ലി എന്ന കഥാപാത്രമായതിനെക്കുറിച്ചും ചാക്കോയെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടൊവിനോ സിനിമയിലെ അനുഭവങ്ങള്‍ പറഞ്ഞത്.

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ കുറുപ്പിന്റെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത് മുതല്‍ ആ കഥ തന്നെ വേട്ടയാടുകയായിരുന്നു എന്നാണ് ടൊവിനോ പറയുന്നത്.

”കുറുപ്പില്‍ ചാര്‍ലിയെ അവതരിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചില കാരണങ്ങള്‍ കൊണ്ടാണ്. ശ്രീനാഥ് രാജേന്ദ്രന്‍ എന്നെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത് മുതല്‍ അതെന്നെ വേട്ടയാടുകയായിരുന്നു.

സ്‌ക്രീനില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വൈകാരികപരമായും വെല്ലുവിളിയായിരുന്നു.

എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് ഞാന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നു,” ടൊവിനോ പറയുന്നു.

ചാക്കോ കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് താന്‍ ജനിച്ചത് എന്ന യാദൃശ്ചികതയും ടൊവിനോ പോസ്റ്റില്‍ എടുത്ത് പറയുന്നു. ചാക്കോയുടെ കഥ തന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്ന് തോന്നിയതായും താരം പറഞ്ഞു.

”പിന്നീട് മറ്റൊരു യാദൃശ്ചികതയും ഞാന്‍ കണ്ടെത്തി. ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പ്. കേള്‍ക്കുമ്പോള്‍ കുറച്ച് ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ എന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയത്.

അവസാനമായി, ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയ കഴിവുറ്റ ഒരു ക്രൂ. ശ്രീ ഏട്ടന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്.

ചാക്കോയോടും കുടുംബത്തോടുമുള്ള എന്റെ സ്‌നേഹവും ഞാന്‍ ഈയവസരത്തില്‍ അറിയിക്കുന്നു. ചാര്‍ലി എന്ന കഥാപാത്രം എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമായിരിക്കും. എന്നെ ഈ സിനിമയിലെത്തിച്ച വേയ്ഫറര്‍ ഫിലിംസിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നു,” താരം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tovino Thomas talks about acting in Kurup as Charlie

We use cookies to give you the best possible experience. Learn more