|

എന്ന് നിന്റെ മൊയ്തീന് ശേഷം ഒരു കല്യാണത്തിന് പോയി; അന്ന് കൂട്ടുകാരന്‍ എന്നെ ഓടിച്ചുവിട്ടു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവന്‍ത്ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ ടൊവിനോക്ക് സാധിച്ചത്.

ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുന്‍നിര നായക നടനായി ടൊവിനോ തോമസ് മാറിയത്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമക്ക് ശേഷം തന്റെ കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോള്‍ ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘മുമ്പ് എന്റെ ഒരു കൂട്ടുകാരന്റെ കല്യാണത്തിന് പോയത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞിട്ട് ഗപ്പി ഇറങ്ങാന്‍ നില്‍ക്കുന്ന സമയത്തായിരുന്നു അതെന്ന് തോന്നുന്നു. അങ്ങനെയാണ് എന്റെ ഓര്‍മ. അവിടെ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടില്‍ നിന്നുള്ള ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടായിരുന്നു.

എന്റെ നാട്ടിലൊന്നും കുറേ സിനിമാനടന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് നമ്മള്‍ ചെന്നാല്‍ നല്ല വിലയാണ്. അവര്‍ക്കാണെങ്കില്‍ ആല്‍ബത്തില്‍ ഒരു സിനിമാനടന്റെ ഫോട്ടോ വരുന്നതില്‍ സന്തോഷവും അഭിമാനവുമാണ്.

അങ്ങനെ അന്ന് ഞാന്‍ ചെന്നപ്പോള്‍ പെണ്ണിന്റെ വീട്ടില്‍ നിന്നുള്ള ഫോട്ടോഗ്രാഫേഴ്‌സും അവന്റെ ഫോട്ടോഗ്രാഫേഴ്‌സും എന്റെ നേരെ ക്യാമറ തിരിച്ചിട്ട് ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ കല്യാണ ചെറുക്കന്‍, അതായത് എന്റെ കൂട്ടുകാരന്‍ എന്നോട് അവിടുന്ന് ‘പോടാ പോടാ’ എന്ന് പറയുകയാണ്.

ഒരു കല്യാണ ദിവസമെന്ന് പറയുന്നത്, ആ കല്യാണ പെണ്ണിന്റെയും ചെറുക്കന്റെയും ദിവസമാണ്. അവരാണ് ആ ദിവസത്തെ നായികയും നായകനും. അവിടേക്ക് ആര് വന്നാലും അവരാരും ഈ കല്യാണ പെണ്ണിന്റെയും ചെറുക്കന്റെയും മുകളില്‍ നില്‍ക്കില്ല. ആ ദിവസം അവരുടേത് മാത്രമല്ലേ (ചിരി). അവന്‍ അന്ന് എന്നോട് ‘പോ പോ’ എന്ന് പറഞ്ഞ് ഓടിച്ചുവിട്ടു,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas Talks About A Funny Experience After Ennu Ninte Moideen