ഞാൻ സ്കൂളിൽ പഠിക്കുമ്പോഴേ അദ്ദേഹം സൂപ്പർസ്റ്റാർ, അമ്പത് വട്ടമെങ്കിലും ആ സിനിമ ഞാൻ കണ്ടിട്ടുണ്ട്: ടൊവിനോ
Entertainment
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴേ അദ്ദേഹം സൂപ്പർസ്റ്റാർ, അമ്പത് വട്ടമെങ്കിലും ആ സിനിമ ഞാൻ കണ്ടിട്ടുണ്ട്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st September 2024, 8:01 am

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്. ഇപ്പോൾ തിയേറ്ററിൽ തകർത്തോടികൊണ്ടിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടൊവിനോ.

തമിഴ് നടൻ ചിയാൻ വിക്രമിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ. താൻ സ്കൂളിൽ പഠിക്കുമ്പോഴേ വിക്രം സൂപ്പർ സ്റ്റാറാണെന്നും വിക്രമിനോട് വലിയ ആരാധനയാണെന്നും ടൊവിനോ പറയുന്നു. അന്യൻ സിനിയമയെ കുറിച്ചായിരുന്നു തനിക്ക് അധികവും ചോദിക്കാനുണ്ടായിരുന്നതെന്നും വിക്രം അടുത്ത ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുകയായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തെ വിക്രം സാർ വലിയൊരു സ്റ്റാറാണ്. അന്നേ അദ്ദേഹം വലിയൊരു ആക്ടറാണ്. അങ്ങനെ നമുക്ക് വലിയ ആരാധനയും ഇഷ്ടവുമൊക്കെയുള്ള ഒരാൾ നമ്മളോട് വളരെ സ്വീറ്റായി പെരുമാറുമ്പോൾ വലിയ സന്തോഷം തോന്നും.

അത് കൂടാതെ അദ്ദേഹം ആ സമയത്ത് ഡയറ്റിങ്ങിലായിരുന്നു. തങ്കലാൻ കഴിഞ്ഞിട്ട് അടുത്ത പടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുകയാണ്. ആ സമയത്ത് പുള്ളി ആറ് മണിക്ക് ശേഷം ഭക്ഷണം കഴിക്കില്ല, വെള്ളം കുടിക്കില്ല. പക്ഷെ ആ സമയത്തും എനിക്ക് കുറെ ഭക്ഷണമൊക്കെ അദ്ദേഹം നൽകി എന്റെയടുത്ത് സംസാരിക്കുകയാണ്.

ഞാനപ്പോൾ കൺഫ്യൂഷനിലാണ്, ഭക്ഷണം കഴിക്കണോ അതോ പുള്ളിയെ നോക്കിയിരിക്കണോയെന്ന്. അപ്പോഴും ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്, അന്യൻ ഞാൻ അമ്പത് വട്ടം കണ്ടിട്ടുണ്ടെന്നൊക്കെയാണ്. അത് തന്നെയാണ് പിന്നെയും പിന്നെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്,’ടൊവിനോ പറയുന്നു.

അതേസമയം റിലീസ് ചെയ്ത് രണ്ടാഴ്ച്ച പിന്നിടുമ്പോഴും ഗംഭീര അഭിപ്രായമാണ് അജയന്റെ രണ്ടാം മോഷണം നേടുന്നുന്നത്. ടൊവിനോ അജയൻ , മണിയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ത്രീ.ഡിയിലാണ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ബേസിൽ ജോസഫ് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: Tovino Thomas Talk About Vikram